
ടൊറന്റോ : അമേരിക്കയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാട്ടി പ്രസിഡന്റ് ട്രംപ് രോഷം പൂണ്ട പരസ്യം പിന്‍വലിക്കുമെന്ന് കാനഡയിലെ ഒന്റാറിയോ പ്രവിശ്യ. ഈ തീരുവ വിരുദ്ധ പരസ്യത്തിന്റെ പേരില്‍ കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ട്രംപ് നിര്‍ത്തിയതിന് പിന്നാലെയാണ് ട്രംപിനെ തണുപ്പിക്കാനുള്ള ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ ഈ നീക്കം.
വാണിജ്യ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഒന്റാറിയോ തിങ്കളാഴ്ച മുതല്‍ യുഎസ് പരസ്യ കാമ്പെയ്ന്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്നാണ് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്. ‘കാനഡയും അമേരിക്കയും സുഹൃത്തുക്കളും അയല്‍ക്കാരും സഖ്യകക്ഷികളുമാണ്. നമ്മള്‍ ഒരുമിച്ച് ശക്തരാണെന്ന് പ്രസിഡന്റ് റൊണാള്‍ഡ് റീഗന് അറിയാമായിരുന്നു. ദൈവം കാനഡയെ അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ,’ ഫോര്‍ഡ് സമൂഹമാധ്യമത്തില്‍ കുറിച്ചു. നമ്മുടെ തൊഴിലാളികളെയും ബിസിനസുകളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സംരക്ഷിക്കുന്നതിനാണ് ജനങ്ങള്‍ നമ്മുടെ സര്‍ക്കാരിനെ തിരഞ്ഞെടുത്തത്. അതാണ് ഞാന്‍ ചെയ്യുന്നത്,’ ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
അന്തരിച്ച പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍പ്പിച്ചുകൊണ്ട് തീരുവകള്‍ക്കെതിരായി ഒന്റാറിയോ പ്രവിശ്യ പുറത്തിറക്കിയ പരസ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ‘അവരുടെ മോശം പെരുമാറ്റത്തെ അടിസ്ഥാനമാക്കി, കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും ഇതിനാല്‍ അവസാനിപ്പിക്കുന്നു,’ പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ 1987 ല്‍ റീഗന്‍ നടത്തിയ റേഡിയോ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉള്‍പ്പെടുന്ന പരസ്യം ഒന്റാറിയോ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറക്കിയത്. തീരുവകള്‍ ‘കുറച്ചുകാലത്തേക്ക് മാത്രമേ പ്രവര്‍ത്തിക്കൂ’ എന്നും ‘ഓരോ അമേരിക്കന്‍ തൊഴിലാളിയെയും ഉപഭോക്താവിനെയും അത് വേദനിപ്പിക്കുന്നു’ എന്നുമായിരുന്നു പ്രസംഗത്തിന്റെ സാരാംശം. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും യുഎസ്, കനേഡിയന്‍ പതാകകള്‍ കൊണ്ട് അലങ്കരിച്ച ക്രെയിനുകളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ നീങ്ങുന്ന പരസ്യത്തില്‍ റീഗന്റെ ശബ്ദമാണ് പശ്ചാത്തലത്തിലുള്ളത്. വിദേശ വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള റീഗന്റെ 1987 ലെ ദേശീയ റേഡിയോ പ്രസംഗത്തിന്റെ ഉദ്ധരണികളാണ് വീഡിയോയിലുള്ളത്. അതിനിടെ ഈ പരാമര്‍ശങ്ങള്‍ അനുമതിയില്ലാതെയാണ് ഒന്റാറിയോ പ്രവിശ്യ ഉപയോഗിച്ചതെന്ന് റൊണാള്‍ഡ് റീഗന്‍ ഫൗണ്ടേഷന്‍ പറഞ്ഞു. ഇതിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഫൗണ്ടേഷന്‍.
Ontario official vowed to take down a negative TV advertisement about tariffs.









