
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ ഒരു നിശാക്ലബ്ബിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു.
ഒൻപതുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 19 വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. നിരവധി തോക്കുധാരികൾ ചേർന്നാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് (NYPD) കമ്മീഷണർ ജെസിക്ക ടിഷ് ഞായറാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്രമികളെ കണ്ടെത്താനായി സുരക്ഷാ ക്യാമറ ദൃശ്യങ്ങളും സാക്ഷികളുടെ മൊഴികളും പോലീസ് പരിശോധിച്ചുവരികയാണ്.
വെടിവെപ്പ് സംഘർഷങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നതായി ടിഷ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അവർ തയ്യാറായില്ല. നാല് തോക്കുധാരികളാണ് നിശാക്ലബ്ബിനുള്ളിൽ വെടിയുതിർത്തതെന്നും, നിരവധി ആളുകൾക്ക് പരിക്കേറ്റതായും അവർ കൂട്ടിച്ചേർത്തു.
ബ്രൂക്ലിനിലെ ക്രൗൺ ഹൈറ്റ്സ് പരിസരത്തുള്ള ‘ടേസ്റ്റ് ഓഫ് ദ സിറ്റി ലോഞ്ച്’ എന്ന നിശാക്ലബ്ബിൽ ഞായറാഴ്ച പുലർച്ചെ 3:27-ഓടെയാണ് സംഭവം നടന്നത്. വെടിവെപ്പ് നടക്കുന്ന സമയത്ത് ക്ലബ്ബിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു.