‘മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്, സനാതനധര്‍മം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമല്ല’, നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സനാതനധര്‍മത്തെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സനാതനധര്‍മം നമ്മുടെ സംസ്‌കാരമാണ്, അതിനെ ഒരുവിഭാഗത്തിന് ചാര്‍ത്തിക്കൊടുക്കുകയാണ്. എങ്ങനെയാണ് സനാതനധര്‍മം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകുന്നതെന്നും മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതനധര്‍മം. ശിവഗിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

കാലാതിവര്‍ത്തിയാണ് ഗുരുദര്‍ശനം. സംഘര്‍ഷങ്ങള്‍ കൊണ്ട് നിന്നു കത്തുന്ന ഒരു ലോകത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് രണ്ട് മഹായുദ്ധങ്ങള്‍ ഉണ്ടായതും ഹിറ്റ്‌ലറെയും മുസോളിനിയെയും സ്റ്റാലിനെയും പോലുള്ള ഏകാധിപതികള്‍ ഉണ്ടായതും സൈബീരിയന്‍ തടവറകള്‍ ഉണ്ടായതും ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതും ഏറ്റവും വലിയ പലായനങ്ങള്‍ നടന്നതും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നടന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ആവര്‍ത്തിക്കപ്പെടുന്നത്. വംശഹത്യകളും യുദ്ധങ്ങളും പലായനങ്ങളുമൊക്കെ എല്ലായിടത്തും നടക്കുന്നു. മനുഷ്യന്റെ പൗരസ്വാതന്ത്ര്യത്തെയും ഹനിച്ചുകൊണ്ട് ഏകാധിപതികള്‍ തേരോട്ടം നടത്തുകയാണ്. അവര്‍ പുതിയ ഭാഷയില്‍ പുതിയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ പുതിയ സാങ്കേതിക വിദ്യകളും സമൂഹമാധ്യമങ്ങളും ഉണ്ടായിരുന്നെങ്കില്‍ ഹിറ്റ്‌ലര്‍ക്ക് വേണ്ടി ഗീബല്‍സും അതൊക്കെ ഉപയോഗിച്ചേനെ. ഏകാധിപതികളായ ഭരണാധികാരികള്‍ വെറുപ്പു വിദ്വേഷവുമാണ് പ്രചരിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തും അതുതന്നെയാണ് സംഭവിക്കുന്നത്. വെറുപ്പിന്റെ വിത്തുകള്‍ പാകി ആളുകളെ തമ്മിലടിപ്പിച്ച് അതില്‍ നിന്നും ലാഭം കൊയ്‌തെടുക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് നമ്മുടെ രാജ്യത്ത് മേധാവിത്വം കിട്ടുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രബുദ്ധ കേരളമെന്നു അഭിമാനിക്കുന്ന കേരളത്തിലെ സ്ഥിതിയും എന്താണ്. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് കേരളത്തില്‍. ഒരു വാക്കിനു വേണ്ടി, ഒരു സന്ദര്‍ഭത്തിന് വേണ്ടി കാത്തിരിക്കുകയാണ്. തമ്മില്‍ തല്ലി തല കീറാനും സംഘര്‍ഷം ഉണ്ടാക്കാനും ശത്രുത ഉണ്ടാക്കാനും അവസരത്തിനു വേണ്ടി ആളുകള്‍ കാത്തിരിക്കുകയാണ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന അപകടകരമായ കലഘട്ടത്തിലൂടെയാണ് കേരളവും കടന്നു പോകുന്നത്. സൂക്ഷിച്ച് സംസാരിക്കേണ്ട അവസ്ഥയാണ്. ഗുരുദേവന്റെ കാലത്ത് സംസാരിച്ചതു പോലെ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വളരെ സൂക്ഷിച്ചു മാത്രമെ സംസാരിക്കാനാകൂ. ഒരു നാക്ക് പിഴ വന്നാല്‍ അത് എങ്ങനെയെല്ലാം ദുരുപയോഗിക്കപ്പെടുമെന്നു പോലും മുന്‍കൂട്ടി കാണാനാകില്ല. സനാതന ധര്‍മ്മത്തെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ശിവഗിരി കുന്നുകള്‍ സംവാദത്തിന്റെ കൂടി ഇടമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകണം. സനാതന ധര്‍മ്മം എങ്ങനെയാണ് വര്‍ണാശ്രമത്തിന്റെയും ചാതുര്‍വര്‍ണ്യത്തിന്റെയും ഭാഗമാകുന്നതെന്ന് മനസിലാകുന്നില്ല. നമ്മുടെ രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തിന്റെ, സാംസ്‌ക്കാരിക പൈതൃകത്തിന്റെ ഭാഗമാണ് സനാതന ധര്‍മ്മം. വേദങ്ങളില്‍ നിന്നും ഉപനിഷത്തുക്കളില്‍ നിന്നുമുള്ള സാരാംശങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടുള്ള കള്‍ച്ചറല്‍ ലെഗസിയാണ് അത്. രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ സവിശേഷതയാണ്. നമ്മുടെ ഋിഷി പാരമ്പര്യത്തിന്റെ അടയാളമാണ്. ലോകത്ത് എല്ലാ മതങ്ങളെയും പിന്നീട് വന്ന പൗരോഹിത്യം അവരുടെ ഇഷ്ടം പോലെ വ്യാഖ്യാനിച്ചിട്ടുണ്ട്. രാജ ഭരണങ്ങളും ഭരണകൂടങ്ങളും പൗരോഹിത്യവുമായി ചേര്‍ന്ന് നിന്നു കൊണ്ട് പല മതങ്ങളെയും ആശയങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. അതുകൊണ്ട് സനാതന ധര്‍മ്മം മുഴുവന്‍ പറഞ്ഞ് പറഞ്ഞ് ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാര്‍ത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അത് മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല. സനാതന ധര്‍മ്മം ഈ രാജ്യത്തെ മുഴുവന്‍ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണെന്നത് തിരിച്ചറിയണം. പണ്ട് ഉപയോഗിച്ചിരുന്ന കാവിവത്ക്കരണം എന്ന വാക്ക് തന്നെ തെറ്റാണ്. കാവി ഉടുക്കുന്നവരും അമ്പലത്തില്‍ പോകുന്നവരും ചന്ദനം തൊടുന്നവരും പ്രത്യേക വിഭാഗക്കാരാണോ? എല്ലാ ഹൈന്ദവരെയും സംഘ്പരിവറിലേക്ക് ആട്ടിക്കൊണ്ട് പോകലാണോ നമ്മുടെ ജോലി? അല്ല. ജാതിക്കും മതത്തിനും അപ്പുറമായി നിലകൊള്ളുന്ന ഒന്നാണ് സനാതന ധര്‍മ്മം. ഒന്നേ ഉള്ളൂവെന്ന അദ്വൈതവും അതു നീ തന്നെയാകുന്നുവെന്ന തത്ത്വമസിയും അറിവ് തേടിയുള്ള ഓരോ വഴികളാണ്. അതിനൊക്കെ എത്രയോ പാരമ്പര്യത്തിന്റെ വഴികളുണ്ട്. ഈ പാരമ്പര്യമൊക്കെ ആരുടേതെങ്കിലുമൊക്കെ ആണെന്നു പറയുന്നത് ശരിയല്ല. നമ്മള്‍ക്ക് ഇഷ്ടമില്ലാത്ത സംവിധാനങ്ങളൊക്കെ അവരുടേതാക്കി കൊടുക്കുന്നത് ശരിയാണോ? അതിന് ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല. അത് രാജ്യത്തിന്റെ പാരമ്പര്യമായി തന്നെ നിലനില്‍ക്കട്ടെ. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സനാതന ധര്‍മ്മം ഒരു മതമാകുന്നു എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് ഒരു മതമാണെന്നാണ് ഗുരുദേവന്‍ പറഞ്ഞത്. അല്ലാതെ സനാതന ധര്‍മ്മത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയല്ല ചെയ്തത്. പിന്നീടുണ്ടായ കാലത്ത് ചാതുര്‍വര്‍ണ്യവും വര്‍ണ്ണാശ്രമവും വര്‍ണവ്യവസ്ഥകളും കുലതൊഴിലുകളുമൊക്കെ ഉണ്ടായതും അത് പിന്നീട് ഓരോരുത്തരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതും. സനാതന ധര്‍മ്മത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗിക്കുകയും ചെയ്തതാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം. കാവി ഉടുത്തവരെ ഒരു വിഭാഗമാക്കി മാറ്റി നിര്‍ത്തുന്നതു പോലെ തന്നെയാണ് സനാതന ധര്‍മ്മത്തിന് എതിരായ വാക്കുകള്‍ എന്ന് വിനയപൂര്‍വം ഓര്‍മ്മിപ്പിക്കുന്നു. ഗുരു ചൈതന്യമാണ്. എല്ലാ സംഘര്‍ഷങ്ങളും മറികടക്കാനുള്ള നമ്മുടെ ആത്മവിശ്വാസവും പിന്‍ബലവുമാണ് ഗുരുദേവന്‍. നിന്നു കത്തുന്ന ലോകത്തിന്റെ തീ കെടുത്താന്‍, സൗമ്യമായിരുന്നു എങ്കിലും കൊടുങ്കാറ്റു പോലുള്ള ആശയങ്ങള്‍ കൊണ്ട് നാടിനെ ഇളക്കി മറിച്ച ഗുരുദേവ ദര്‍ശനങ്ങളാണ് നമ്മുടെ പുണ്യം. അതാണ് എല്ലാത്തിനുമുള്ള മറുപടി. വിപ്ലവകാരിയായിരുന്നു ഗുരുദേവന്‍. ഓരോ കാലഘട്ടത്തിലും തെറ്റായ വഴികളിലൂടെ മനുഷ്യനെ കൊണ്ടു പോകാന്‍ ശ്രമിച്ചവര്‍ക്കുള്ള താക്കീതാണ് ഗുരുദേവ ദര്‍ശനം. ശരിയായ വഴിയിലൂടെ നടക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയായിരുന്നു ഗുരുദേവന്‍. എല്ലാത്തിനും പരിഹരമായി ഗുരുദേവ ദര്‍ശനങ്ങള്‍ നമുക്കൊപ്പം ഉണ്ടെന്ന ആത്മവിശ്വാസം സംഘര്‍ഷാവസ്ഥകളെ മറികടക്കാനുള്ള പ്രചോദനമാകട്ടെ.

Also Read

More Stories from this section

family-dental
witywide