
വാഷിംഗ്ടൺ: പാകിസ്ഥാനുമായി കൂട്ടുക്കെട്ടുണ്ടാക്കി ട്രംപിന്‍റെ കുടുംബം. ക്രിപ്‌റ്റോ കറന്‍സി നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ക്രിപ്‌റ്റോ കൗൺസിലും ഡോണൾഡ് ട്രംപ് കുടുംബത്തിന്റെ ക്രിപ്‌റ്റോ സംരംഭമായ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽസും കൈകോര്‍ക്കുകയാണ്. ബ്ലോക്ക്ചെയിൻ ടെക്‌നോളജി, സ്റ്റേബിൾകോയിൻ ഉപയോഗം, ഡിസെൻട്രലൈസ്ഡ് ഫിനാൻസ് (DeFi) തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാന്‍ കരാറുകൾ ഒപ്പിട്ടുമുണ്ട്..
പാക്കിസ്ഥാന്‍റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ രാജ്യാന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഈ കരാറുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. ക്രിപ്‌റ്റോ വ്യവസായത്തിൽ പാകിസ്ഥാനിൽ യുവജനതയുടെ താല്പര്യം , വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥ, ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസം എന്നിവയെല്ലാം ഇതിന് അനുകൂല സാഹചര്യങ്ങളാണ് എന്ന വിലയിരുത്തലുണ്ട്. ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമായി പാകിസ്ഥാനെ സംയോജിപ്പിക്കുന്നതിൽ രാജ്യാന്തര സഹകരണം നിർണായക പങ്ക് വഹിക്കുമെന്ന് ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അത്തൗല്ല തരാർ പറഞ്ഞു.













