നരഭോജി കടുവയെ വെടിവയ്ക്കാൻ ഉത്തരവ്; വയനാട്ടിൽ സംഘർഷം, അടിയന്തര നഷ്ടപരിഹാരം ആവശ്യപ്പെട്ടു

മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ. കടുവയെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടവും വനംമന്ത്രിയും ഉത്തരവിറക്കി.

വന്യജീവി ആക്രമണമുണ്ടായതിനേത്തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് ഉയര്‍ത്തുന്നത്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്.

കടുവയെ വെടിവെച്ചു കൊല്ലണമെന്നും പിടികൂടിയശേഷം വനത്തിലേക്ക് തന്നെ തുറന്നുവിടുന്ന രീതി പറ്റില്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാകാതെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രിയദര്‍ശനി എസ്റ്റേറ്റിലാണ് ഇപ്പോള്‍ മൃതദേഹം.

മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ.
കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേര്‍ന്നു തണ്ടര്‍ബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്. ഇതോടെയാണ് നാട്ടുകാര്‍ വലിയ തോതില്‍ പ്രതിഷേധിച്ചത്. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു.

Order to shoot man-eating tiger Clashes in Wayanad immediate compensation demanded

More Stories from this section

family-dental
witywide