
ശ്രീനഗര്‍ : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനുമായി സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയുമായും പാകിസ്ഥാനുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ‘ഉത്തരവാദിത്തപരമായ പരിഹാരത്തിനായി’ പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടുവെന്നും അമേരിക്ക.
‘ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്, ഞങ്ങള്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ, പാകിസ്ഥാന്‍ സര്‍ക്കാരുകളുമായി ഞങ്ങള്‍ ഒന്നിലധികം തലങ്ങളില്‍ ബന്ധപ്പെട്ടിട്ടുണ്ട്,’ എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഉത്തരവാദിത്തപരമായ ഒരു പരിഹാരത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അമേരിക്ക എല്ലാ കക്ഷികളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും നടത്തിയ സമീപകാല പ്രസ്താവനകള്‍ക്ക് സമാനമായി യുഎസ് ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്നും പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിലുണ്ട്.
അടുത്തിടെ, 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ മോദിയെ ബന്ധപ്പെട്ട ലോക നേതാക്കളില്‍ ട്രംപും ഉണ്ടായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ താന്‍ ഇടപെടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.