
ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ സാധ്യമാക്കിയത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ധീരമായ ഇടപെടലാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. യുഎൻ പൊതുസഭയിലാണ് പ്രസ്താവന. ഈ നിർണായക നടപടി യുദ്ധം അവസാനിപ്പിക്കുകയും ദക്ഷിണേഷ്യയിൽ ഒരു വലിയ ദുരന്തം ഒഴിവാക്കുകയും ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ട്രംപിനെ നൊബൽ സമാധാന സമ്മാനത്തിന് നാമനിർദേശം ചെയ്ത പാകിസ്ഥാൻ, അദ്ദേഹത്തെ ഈ പുരസ്കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയെന്ന് വിശേഷിപ്പിച്ചു.
കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ രാഷ്ട്രീയ മുതലെടുപ്പിനായി യുദ്ധം ആരംഭിച്ചുവെന്ന് ഷെഹബാസ് ഷെരീഫ് കുറ്റപ്പെടുത്തി. എന്നാൽ, പാകിസ്ഥാൻ സൈന്യം വൻ വിജയം കൈവരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിനിടെ ഏഴ് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തിയതായി പാക് പ്രധാനമന്ത്രി പറഞ്ഞു. ഈ സൈനിക വിജയത്തെ ‘ഓപ്പറേഷൻ ബുൻയാൻ അൽ-മാർസൂസ്’ എന്ന് വിശേഷിപ്പിച്ച് രാജ്യവ്യാപകമായി ‘യൗം-ഇ-തശ്ക്കൂർ’ ആഘോഷിച്ചിരുന്നു.
നയതന്ത്ര ചർച്ചകളിലൂടെ അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പാകിസ്ഥാന്റെ വിദേശനയമെന്നും ഷെഹബാസ് ഷെരീഫ് യുഎന്നിൽ വ്യക്തമാക്കി. യുഎസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു. ട്രംപിന്റെ നേതൃത്വത്തെ ‘ശക്തവും പ്രവർത്തനപരവുമായ നയതന്ത്രത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച്, ഈ സമാധാനശ്രമങ്ങൾ ഭാവിയിലെ പ്രദേശ സമാധാനത്തിന് അടിത്തറയാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
















