
ഇസ്ലാമാബാദ്: പാകിസ്താൻ – അഫ്ഗാനിസ്ഥാൻ സംഘർഷത്തിൻ്റെ ഭാഗമായി അഫ്ഗാൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ 200-ലേറെ താലിബാൻ സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടുവെന്ന് പാകിസ്താൻ. ഏറ്റുമുട്ടലിൽ 23 പാക് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാകിസ്‌താൻ പറഞ്ഞു. അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം 58 പാക് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അറിയിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനും കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
അഫ്ഗാനിസ്താനിലെ താലിബാനും തെഹ്‌രീകെ താലിബാൻ പാകിസ്‌താൻ(ടിടിപി) എന്ന പാകിസ്താനി താലിബാനും യാതൊരു പ്രകോപനവുമില്ലാതെയാണ് അതിർത്തിയിൽ ആക്രമണം നടത്തിയിരിക്കുന്നത്. സംഘർഷത്തിൽ അഫ്ഗാനിസ്താൻ്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തു. താലിബാൻ ആക്രമണത്തെ ശക്തമായി ചെറുത്തുവെന്നും താലിബാന്റെ വിവിധയിടങ്ങളിലെ കേന്ദ്രങ്ങൾ തകർത്തുവെന്നും പാക് സൈന്യം അവകാശപ്പെട്ടു.
അതിർത്തിമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് നേരത്തേ പറഞ്ഞിരുന്നു. മുപ്പതിലേറെ പാക് സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും താലിബാൻ വക്താവ് അറിയിച്ചു.