
ഇസ്ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ അയല്‍ രാജ്യമായ പാകിസ്ഥാനിലും ചുവടുറപ്പിക്കാനുള്ള തന്ത്രവുമായി ഇലോണ്‍ മസ്ക്. സ്റ്റാർലിങ്ക് പാകിസ്ഥാനിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. സ്കിന്റെ സ്റ്റാർലിങ്ക് കമ്പനിക്ക് പാക്കിസ്ഥാൻ സർക്കാർ താൽക്കാലിക എൻഒസി നല്‍കിയെന്നാണ് വിവരങ്ങൾ. സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ സ്റ്റാർലിങ്ക് വഴി പാകിസ്ഥാനിലെ ഉപഭോക്താക്കൾക്ക് ഉടൻ ലഭ്യമാകും.
പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നിർദ്ദേശപ്രകാരം സ്റ്റാർലിങ്കിന് താൽക്കാലിക രജിസ്ട്രേഷൻ നൽകിയതായി പാകിസ്ഥാൻ ഐടി മന്ത്രി ഷാജ ഫാത്തിമ പറഞ്ഞു. എല്ലാ സുരക്ഷാ, നിയന്ത്രണ ഏജൻസികളുടെയും സമ്മതം ലഭിച്ച ശേഷമാണ് സ്റ്റാർലിങ്കിന് പാകിസ്ഥാനില്‍ താൽക്കാലിക എൻഒസി നൽകിയതെന്നും ഷാജ ഫാത്തിമ പറഞ്ഞു. ഇതോടെ പാകിസ്ഥാനിൽ സ്റ്റാർലിങ്ക് പ്രവര്‍ത്തനം ആരംഭിച്ചേക്കും.
കഴിഞ്ഞ വർഷം പാകിസ്ഥാനിൽ സേവനം ആരംഭിക്കുന്നതിനായി സ്റ്റാർലിങ്ക് അപേക്ഷിച്ചിരുന്നു. വളരെക്കാലമായി അനുമതിക്കായി കാത്തിരിക്കുകയായിരുന്നു കമ്പനി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പാകിസ്ഥാനിൽ സ്റ്റാർലിങ്കിന്‍റെ പദ്ധതിയുടെ സാധ്യമായ നിരക്കുകളെ കുറിച്ചുമുള്ള വിവരങ്ങളും വന്നിരുന്നു. ഇതനുസരിച്ച്, ഗാർഹിക ഉപയോഗത്തിനുള്ള സ്റ്റാർലിങ്ക് പ്ലാനിന്‍റെ വില പ്രതിമാസം 6,800 മുതൽ 28,000 വരെ പാകിസ്ഥാൻ രൂപയാകാൻ സാധ്യതയുണ്ട്. ഇതിൽ, ഉപയോക്താക്കൾക്ക് 50-250Mbps വേഗത ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.