ട്രംപിൻ്റെ അവകാശവാദം പെരുംനുണ! വെടിനിർത്തൽ വാദം തള്ളി പാകിസ്ഥാൻ; ‘മൂന്നാം കക്ഷി ഇടപെടലിന് ഇന്ത്യ സമ്മതിച്ചിട്ടില്ല’

ഇസ്ലാമാബാദ്: ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് താനാണ് നേതൃത്വം നൽകിയതെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി പാകിസ്ഥാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങളിൽ മൂന്നാം കക്ഷി ഇടപെടലിന് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കി. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
​ട്രംപിൻ്റെ മധ്യസ്ഥതയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് ചോദിച്ചപ്പോൾ, ഇത് എപ്പോഴും ഒരു ‘ഉഭയകക്ഷി പ്രശ്നമായി’ ഇന്ത്യ നിലനിർത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായും ദാർ വെളിപ്പെടുത്തി. യുദ്ധത്തിൻ്റെ വക്കിലെത്തി നിന്ന സാഹചര്യത്തിൽ താൻ സമാധാനം കൊണ്ടുവന്നതായി ട്രംപ് തൻ്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നിരന്തരം അവകാശപ്പെട്ടിരുന്നു.
​എന്നാൽ, ഈ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യയുടെ തുടർച്ചയായ പ്രത്യാക്രമണങ്ങൾക്ക് ശേഷം പാകിസ്ഥാൻ വെടിനിർത്തലിന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ ധാരണയിലെത്തിയതെന്നും ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വ്യക്തമാക്കുന്നു.

​മെയ് മാസത്തിൽ വാഷിംഗ്ടൺ വെടിനിർത്തൽ നിർദ്ദേശം അറിയിച്ചിരുന്നുവെന്നും, ഇന്ത്യയും പാകിസ്ഥാനും ഒരു പൊതു സ്ഥലത്ത് ചർച്ച നടത്താമെന്ന് അറിയിച്ചിരുന്നതായും ദാർ പറഞ്ഞു. എന്നാൽ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ ഈ നിർദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് തന്നെ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
​”മൂന്നാം കക്ഷി ഇടപെടലിൽ ഞങ്ങൾക്ക് പ്രശ്നമില്ല, പക്ഷേ ഇത് ഒരു ഉഭയകക്ഷി വിഷയമാണെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. ഞങ്ങൾ ഉഭയകക്ഷി ചർച്ചകൾക്ക് തയ്യാറാണ്. പക്ഷേ അത് സമഗ്രമായിരിക്കണം. ഭീകരവാദം, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജമ്മു കശ്മീർ തുടങ്ങിയ ഞങ്ങൾ മുമ്പ് ചർച്ച ചെയ്ത എല്ലാ വിഷയങ്ങളും അതിൽ ഉൾപ്പെടുത്തണം,” അൽ ജസീറയോട് ദാർ പറഞ്ഞു. ഇന്ത്യയുമായി ചർച്ചയ്ക്ക് പാകിസ്ഥാൻ തയ്യാറാണെങ്കിലും ഇന്ത്യ അതിന് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide