ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ സൈനികമേധാവി ജനറൽ അസിം മുനീർ തീവ്ര ഇസ്‌ലാമിസ്റ്റും യാഥാസ്ഥിതികനുമാണെന്നും ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ ആരോപിച്ചു. “ഇസ്‌ലാമിൽ വിശ്വസിക്കാത്തവരോട് പോരാടാനാണ് അദ്ദേഹത്തിന്റെ തീവ്രവാദവും യാഥാസ്ഥിതികത്വവും നിർബന്ധിക്കുന്നത്. ഇമ്രാൻ ഖാൻ അധികാരത്തിലിരുന്നപ്പോഴെല്ലാം ഇന്ത്യയുമായും ബിജെപിയുമായും സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. പക്ഷേ അസിം മുനീർ ഉള്ളിടത്തോളം ഇന്ത്യയുമായി യുദ്ധം ഉണ്ടാകും” എന്ന് അലീമ പരസ്യമായി ആരോപിച്ചു.
ഇമ്രാൻ ഖാനെ ജയിലിൽ മാനസികമായി പീഡിപ്പിക്കുന്നത് അസിം മുനീറിന്റെ നിർദേശപ്രകാരമാണെന്ന് ഇമ്രാന്റെ മറ്റൊരു സഹോദരി ഡോ. ഉസ്മ ഖാൻ വെളിപ്പെടുത്തി. റാവൽപിണ്ടി അഡിയാല ജയിലിൽ ഇമ്രാനെ സന്ദർശിച്ചശേഷം സംസാരിച്ച ഉസ്മ, “20 മിനിറ്റ് മാത്രം കാണാൻ അനുവദിച്ചു. ഇമ്രാൻ ജീവനോടെയുണ്ട്, പക്ഷേ കടുത്ത മാനസിക പീഡനം നേരിടുന്നു. തന്നെ തടവിലാക്കിയതിന് പിന്നിൽ അസിം മുനീർ തന്നെയാണെന്ന് ഇമ്രാൻ പറഞ്ഞു” എന്ന് വെളിപ്പെടുത്തി.
പാശ്ചാത്യ ലോകം ഇമ്രാൻ ഖാനെ മോചിപ്പിക്കാൻ ഇടപെടണമെന്ന് അലീമ ഖാൻ അഭ്യർഥിച്ചു. “ഇന്ത്യ മാത്രമല്ല, ഇന്ത്യയുടെ സഖ്യകക്ഷികളും അസിം മുനീറിന്റെ യുദ്ധമോഹത്താൽ ബുദ്ധിമുട്ടുന്നു” എന്നും അവർ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സൈനിക-രാഷ്ട്രീയ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇമ്രാൻ കുടുംബത്തിന്റെ ഈ പരസ്യ ആരോപണങ്ങൾ.
ഇമ്രാൻ ഖാനെ 2022-ൽ അധികാരത്തിൽനിന്ന് നീക്കം ചെയ്തതിന് പിന്നിൽ സൈന്യവും അസിം മുനീറും തന്നെയാണെന്ന ആരോപണം നേരത്തേയും ഉയർന്നിരുന്നു. തടവിലായശേഷം ഇമ്രാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നതിനിടെയാണ് സഹോദരിമാർ നടത്തിയ ഈ വെളിപ്പെടുത്തലുകൾ ലോകശ്രദ്ധ നേടുന്നത്.













