
വാഷിംഗ്ടണ്‍: ഇന്ത്യയുടെ നിലപാടിൽ നിരാശ പ്രകടിപ്പിച്ചും പാകിസ്ഥാൻ നേതൃത്വത്തെ പ്രശംസ കൊണ്ട് മൂടിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ മധ്യസ്ഥത വഹിച്ചതിന്‍റെ മുഴുവൻ ക്രെഡിറ്റും തനിക്കാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു. എന്നാൽ സംഘർഷത്തിൽ ഏതെങ്കിലും വിദേശ ഇടപെടൽ നടന്നുവെന്നത് ഇന്ത്യ ഇപ്പോഴും ശക്തമായി നിഷേധിക്കുന്നുണ്ട്. ഒരു വലിയ യുദ്ധം തടയുന്നതിൽ താൻ വഹിച്ച പങ്കിന് ഇന്ത്യയിൽ നിന്ന് ഒരു അംഗീകാരവും ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച ട്രംപ്, പാകിസ്ഥാൻ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു.
പാകിസ്ഥാന് വളരെ ശക്തമായ നേതൃത്വമുണ്ടെന്ന് ട്രംപ് പറഞ്ഞു. ”ഞാൻ ഇത് പറയുമ്പോൾ ചിലർക്കിത് ഇഷ്ടപ്പെടില്ല, പക്ഷേ അതാണ് സത്യം. അവർ ആ യുദ്ധം നിർത്തി. അവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. എനിക്ക് ക്രെഡിറ്റ് ലഭിക്കുന്നുണ്ടോ? ഇല്ല. അവർ എനിക്കൊന്നിനും ക്രെഡിറ്റ് നൽകുന്നില്ല.” ട്രംപ് ഇന്ത്യയെ നേരിട്ട് പരാമർശിക്കാതെ പറഞ്ഞു. നാല് ദിവസത്തെ അതിർത്തി സംഘർഷങ്ങൾക്ക് ശേഷം മെയ് 10-ന് നടന്ന വെടിനിർത്തലിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. സമാധാനത്തിനായുള്ള തന്‍റെ അഭ്യർത്ഥനകളോട് പാകിസ്ഥാൻ പ്രതികരിച്ചുവെന്നും, എന്നാൽ ഇന്ത്യ ഒരു അംഗീകാരവും നൽകിയില്ലെന്നും അദ്ദേഹം പരോക്ഷമായി പറയുകയായിരുന്നു.














