
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ തകര്‍ന്ന ഭീകര കേന്ദ്രങ്ങളും പരിശീലന ക്യാമ്പുകളും പാക്കിസ്ഥാന്‍ പുനര്‍നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
പാക് അധിനിവേശ കശ്മീരിലും (പിഒകെ) സമീപ പ്രദേശങ്ങളിലുമുള്ള ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഇവ പുനര്‍നിര്‍മ്മിക്കുന്നതിന് പാകിസ്ഥാന്‍ സൈന്യത്തിന്റെയും ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെയും (ഐഎസ്ഐ), സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ് ശ്രമങ്ങള്‍ നടക്കുന്നത്.
ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ഹിസ്ബുള്‍ മുജാഹിദീന്‍, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) തുടങ്ങിയ ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നശിപ്പിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നീക്കം.
ലുനി, പുത്വാള്‍, ടിപ്പു പോസ്റ്റ്, ജാമില്‍ പോസ്റ്റ്, ഉമ്രാന്‍വാലി, ചപ്രാര്‍ ഫോര്‍വേഡ്, ഛോട്ടാ ചാക്ക്, ജംഗ്ലോറ തുടങ്ങിയ പ്രദേശങ്ങളിലെ ക്യാമ്പുകളും പുനര്‍നിര്‍മ്മിക്കപ്പെടുന്നവയുടെ കൂട്ടത്തിലുണ്ട്. ഇന്ത്യ കണ്ടെത്താതിരിക്കാന്‍ തെര്‍മല്‍, റഡാര്‍, സാറ്റലൈറ്റ് സിഗ്‌നേച്ചറുകള്‍ മറയ്ക്കുന്നതിന് ഈ സൈറ്റുകള്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പുനഃസ്ഥാപിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
ജമ്മു കശ്മീരിലെ പഹല്‍ഗാം താഴ്‌വരയില്‍ വിനോദ സഞ്ചാരികളുള്‍പ്പടെ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രണത്തിനു പിന്നില്‍ പാക്കിസ്ഥാന്റെ പങ്ക് മനസിലാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ കനത്ത തിരിച്ചടി നല്‍കിയത്.














