
വാഷിംഗ്ടണ്‍: പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ആക്രമണത്തിനു പിന്നില്‍ പാക് പങ്കുണ്ടെന്ന് വ്യക്തമായതോടെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ശക്തമായ മറുപടി നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പാകിസ്ഥാന്‍ തങ്ങളുടെ ആണവായുധ ശേഖരം ആധുനികവല്‍ക്കരിക്കുന്നുവെന്നും ഇന്ത്യയെ നിലനില്‍പ്പിന് ഭീഷണിയായി കാണുന്നു എന്നും യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഞായറാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇനിയുള്ള പ്രധാന മുന്‍ഗണനകളില്‍ ഇന്ത്യയുമായുള്ള അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലുകളും ആണവായുധ ശേഖരത്തിന്റെ തുടര്‍ച്ചയായ നവീകരണവും മറ്റും ഉള്‍പ്പെടുമെന്നും യുഎസിന്റെ വേള്‍ഡ് ത്രെറ്റ് അസസ്മെന്റ് റിപ്പോര്‍ട്ട് പറയുന്നു. ഇതിനായി പാകിസ്ഥാന്‍ തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കുകയും ആണവ വസ്തുക്കളുടെയും ആണവ കമാന്‍ഡിന്റെയും നിയന്ത്രണത്തിന്റെയും സുരക്ഷ നിലനിര്‍ത്തുകയും ചെയ്യുന്നു. വിദേശ വിതരണക്കാരില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും പാക്കിസ്ഥാന്‍ ഇതിനായുള്ള വസ്തുക്കള്‍ വാങ്ങുമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതിരോധം ശക്തമാക്കുന്നതിന് സാങ്കേതികവിദ്യയടക്കം ചൈനയില്‍ നിന്ന് പാകിസ്ഥാന്‍ വാങ്ങുന്നുണ്ടെന്നും ഈ കൈമാറ്റങ്ങളില്‍ ചിലത് ഹോങ്കോംഗ്, സിംഗപ്പൂര്‍, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.