ഒത്തില്ല, ഒത്തില്ല! ഏഷ്യാ കപ്പിലെ ബഹിഷ്കരണ ഭീഷണി പാക്കിസ്ഥാൻ ഉപേക്ഷിച്ചു; യുഎഇയ്ക്കെതിരെ മത്സരത്തിൽ കളിക്കും, ആശങ്ക അകന്നു

ദുബായ്: ഏഷ്യാ കപ്പിൽ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കിയ പാകിസ്ഥാൻ ഒടുവിൽ നിലപാട് മാറ്റി. യുഎഇയ്ക്കെതിരായ നിർണായക മത്സരത്തിൽ പങ്കെടുക്കാൻ പാക് താരങ്ങൾ ദുബായിലെ സ്റ്റേഡിയത്തിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാച്ച് റഫറിയെ മാറ്റാനാവില്ലെന്ന ഐസിസിയുടെ കർശന നിലപാടിനെ തുടർന്നാണ് പാകിസ്ഥാൻ ബഹിഷ്കരണ നീക്കം ഉപേക്ഷിച്ച് മത്സരത്തിന് തയാറായത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചതനുസരിച്ച്, പാകിസ്ഥാൻ-യുഎഇ മത്സരം രാത്രി 9 മണിക്ക് ആരംഭിക്കും.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ മൊഹ്സിൻ നഖ്‌വി, താരങ്ങളോട് മത്സരത്തിനായി സ്റ്റേഡിയത്തിലെത്താൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, മാച്ച് റഫറിയെ മാറ്റുന്നതിന് ധാരണയുണ്ടായിട്ടില്ലെന്ന് ഐസിസി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. പിസിബിയുടെ രണ്ടാമത്തെ മെയിലും ഐസിസി തള്ളിയതോടെ, പാകിസ്ഥാൻ യുഎഇയ്ക്കെതിരായ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനത്തെ തുടർന്ന് ഐസിസി പാകിസ്ഥാനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടത്തി.

ലാഹോറിലും ദുബായിലുമായി നടന്ന നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ പാകിസ്ഥാൻ തങ്ങളുടെ ബഹിഷ്കരണ നിലപാട് പിൻവലിക്കുകയായിരുന്നു. ഐസിസിയുടെ കർശന നിലപാടും തുടർന്നുള്ള ചർച്ചകളുമാണ് പാകിസ്ഥാനെ തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചത്. ഏഷ്യാ കപ്പിലെ ഈ നിർണായക മത്സരം ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ കാഴ്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More Stories from this section

family-dental
witywide