
ചിറ്റൂർ: പാലക്കാട് അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ ആറു വയസ്സുകാരൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. പിന്നീടങ്ങോട്ട് ഒരുനാട് ഒന്നാകെ കുട്ടിക്കായുള്ള തിരച്ചിലിലായിരുന്നു. പ്രദേശത്തെ കുളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ തിരച്ചിൽ. കഴിഞ്ഞദിവസം ഡോഗ് സ്ക്വാഡ് സമീപത്തെ കുളവരമ്പു വരെ മണം പിടിച്ചു ചെന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. വീടിനു സമീപത്തായി അഞ്ചോളം ആമ്പൽ കുളങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയത് 800 മീറ്ററോളം അകലെയുള്ള മറ്റൊരു കുളത്തിലാണ്. നാട്ടുകാർ കുളിക്കാനും വസ്ത്രം അലക്കാനും ഉപയോഗിക്കുന്ന കുളമാണിത്. ഇവിടേയ്ക്ക് എങ്ങനെ സുഹാൻ എത്തി എന്നതിലും ദുരൂഹതയുണ്ട്.
സഹോദരനൊപ്പം വീട്ടിൽ സിനിമ കാണുകയായിരുന്ന സുഹാൻ ഇന്നലെ ഉച്ചയ്ക്കാണ് വീടിനു പുറത്തേയ്ക്ക് ഇറങ്ങിയത്. സുഹാന്റെ പിതാവ് വിദേശത്താണ്. സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മാതാവ്. സംഭവസമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്.
Palakkad Suhan death update.















