
വാഷിംഗ്ടൺ: ഏപ്രിൽ മാസത്തിൽ അറസ്റ്റിലായ കൊളംബിയ യൂണിവേഴ്സിറ്റിയിലെ പലസ്തീനിയൻ വിദ്യാർത്ഥി മൊഹ്‌സെൻ മഹ്ദാവിക്ക് മോചനം. കോടതി ഉത്തരവിനെത്തുടർന്ന് യുഎസ് ഇമിഗ്രേഷൻ അധികൃതർ മൊഹ്‌സെന് ബുധനാഴ്ച മോചനം നൽകിയെന്നാണ് റിപ്പോര്‍ട്ടുകൾ.
വെസ്റ്റ് ബാങ്കിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ ജനിച്ചു വളർന്ന മൊഹ്‌സെൻ, യുഎസ് പൗരത്വത്തിനുള്ള അപേക്ഷയുടെ അഭിമുഖത്തിനായി എത്തിയപ്പോഴാണ് ഈ മാസം ആദ്യം അറസ്റ്റിലായത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം അദ്ദേഹത്തെ യുഎസിൽ നിന്ന് നാടുകടത്തരുതെന്നും വെർമോണ്ട് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും ജഡ്ജി ഉടൻ ഉത്തരവിട്ടു.
മാർച്ച് എട്ടിന് ന്യൂയോർക്ക് ഏരിയയിൽ അറസ്റ്റിലാവുകയും നാടുകടത്തലിനായി ലൂസിയാനയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റപ്പെടുകയും ചെയ്ത കൊളംബിയയിലെ വിദ്യാർത്ഥിയും പലസ്തീനിയൻ വിദ്യാർത്ഥി പ്രവർത്തകനുമായ മഹ്മൂദ് ഖലീലിന്റെ സാഹചര്യവും സമാനമാണ്. ഖലീൽ ഇപ്പോഴും തടങ്കലിലാണ്.