
വാഷിംഗ്ടൺ: പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ വാഷിംഗ്ടൺ ഡിസിയിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും പുതിയ വെല്ലുവിളികൾ നേരിടുന്നു. ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളുടെയും ഇമിഗ്രേഷൻ വിഭാഗത്തിന്‍റെയും ശക്തമായ നടപടികളാണ് ഇവർക്ക് ഭീഷണിയായിരിക്കുന്നത്. കൂടുതൽ ന്യൂനപക്ഷ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു മിഡിൽ സ്കൂളിൽ, രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളെ യൂണിയൻ സ്റ്റേഷനിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിന് കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. നാഷണൽ ഗാർഡ് അംഗങ്ങൾ പട്രോളിംഗ് നടത്തുന്നതിനാൽ രക്ഷിതാക്കൾക്ക് പേടിയുണ്ട്.
വിദ്യാർത്ഥികളുടെ രക്ഷിതാക്കളും സഹായികളുമാണെന്ന് സൂചിപ്പിക്കുന്ന ബോർഡുകളുമായി വന്ന രക്ഷിതാക്കളെ പോലീസ് തടയുകയും ലക്ഷ്യമില്ലാതെ കറങ്ങരുത് എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. വിദ്യാർത്ഥികൾക്കൊപ്പമുള്ളപ്പോൾ താൻ യുഎസ് പൗരയാണെങ്കിലും പാസ്‌പോർട്ട് കൈവശം വെക്കാറുണ്ടെന്ന് ഒരു രക്ഷിതാവ് സിഎൻഎന്നിനോട് പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ കാരണം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അവർ, കുട്ടികളെ പോലീസ് പിടികൂടുമോ എന്ന ഭയത്തിലാണ്.
ഇതൊരു ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മാതാപിതാക്കൾ പറഞ്ഞു. സ്കൂളുകളിലേക്ക് തിരികെ പോകുന്ന ഈ സമയത്ത്, കുട്ടികളെയും രക്ഷിതാക്കളെയും ഭയപ്പെടുത്തുന്ന ചില നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. കുട്ടികൾ സ്കൂളുകളിലേക്ക് പോകുമ്പോൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) ഏജൻ്റുമാർ പ്രത്യക്ഷപ്പെടുന്നതായും വൈറ്റ് ഹൗസ് ഡിസി പോലീസിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം അറസ്റ്റുകളുടെ എണ്ണം വർധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 7 മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ, കുടിയേറ്റ രേഖകൾ ഇല്ലാത്ത 300-ൽ അധികം ആളുകളെ ഫെഡറൽ ഉദ്യോഗസ്ഥർ ഡിസിയിൽ അറസ്റ്റ് ചെയ്തു.