
വാഷിംഗ്ടണ്‍ : ഒരു യാത്രക്കാരന്റെ പോര്‍ട്ടബിള്‍ ബാറ്ററിക്ക് തീപിടിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മയേഴ്‌സില്‍ ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. 185 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 8:48 നാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
അറ്റ്‌ലാന്റയില്‍ നിന്നുള്ള ഡെല്‍റ്റ 1334 വിമാനം , ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു അപ്രതീക്ഷിത തീപിടുത്തമുണ്ടായതെന്ന് ഡെല്‍റ്റ വക്താവ് പറഞ്ഞു. യാത്രക്കാരന്റെ പോര്‍ട്ടബിള്‍ ബാറ്ററിക്ക് തീപിടിക്കുകയും ഇത് ശ്രദ്ധയില്‍പ്പെട്ട ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ വേഗത്തില്‍ തീ അണയ്ക്കുകയും ചെയ്തതായി എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
തീ അണച്ചെങ്കിലും വിമാനത്തില്‍ പുക പടരുകയും വിമാനം അടിയന്തര ലാന്‍ഡിംഗിലേക്ക് നീങ്ങുകയും ചെയ്തു. തുടര്‍ന്ന് വിമാനം ഫോര്‍ട്ട് മയേഴ്‌സിലെ സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
യാത്രയിലെ തടസ്സത്തിന് ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായി ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ഈ വര്‍ഷം ഇതുവരെ ലിഥിയം ബാറ്ററികള്‍ ഉള്‍പ്പെട്ട 34 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ 11 എണ്ണം ബാറ്ററി പായ്ക്കുകള്‍ മൂലമാണെന്നും എഫ്എഎ പറയുന്നു. 2015 മുതല്‍ 2024 വരെ, യുഎസ് വിമാനങ്ങളില്‍ ലിഥിയം ബാറ്ററി തീപിടുത്തങ്ങളുടെ എണ്ണം 388% വര്‍ദ്ധിച്ചതായി എഫ്എഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലിഥിയം-അയണ്‍ ബാറ്ററി തീപിടുത്തങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ കാരണം, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് മെയ് മാസത്തില്‍ ‘ഇന്‍ഡസ്ട്രിയിലെ ആദ്യ’ നയം അവതരിപ്പിച്ചു. ഉപഭോക്താക്കളോട് അവരുടെ പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന വിധത്തില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പവര്‍ ബാങ്കുകള്‍ വിമാനത്തിനുള്ളില്‍ ഉപയോഗിക്കുന്നതിനോ ചാര്‍ജ് ചെയ്യുന്നതിനോ പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.