
വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ xAI യുഎസ് പ്രതിരോധ വകുപ്പിന് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഒരു കരാറില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ട്. ‘ഗ്രോക്ക് ഫോര്‍ ഗവണ്‍മെന്റ്’ എന്ന പേരിലാണ് സേവനങ്ങള്‍ നല്‍കുക. പെന്റഗണ്‍ കരാറിന് പുറമേ, ‘എല്ലാ ഫെഡറല്‍ ഗവണ്‍മെന്റ് വകുപ്പിനും ഏജന്‍സിക്കും ഓഫീസിനും ഇപ്പോള്‍ ഃഅക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
മസ്‌കും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കടുത്ത വാക്‌പോരില്‍ ശത്രുതയിലും ആയിരിക്കുമ്പോഴാണ് xAIയും പ്രതിരോധ വകുപ്പും തമ്മിലുള്ള കരാര്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. മെയ് മാസത്തില്‍ ഡോജിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം, ട്രംപിന്റെ പ്രധാന ബജറ്റ് ബില്ലിനെ സര്‍ക്കാര്‍ കടം വര്‍ദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി മസ്‌ക് പരസ്യമായി വിമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും പൊതു പ്രസ്താവനകളിലും പ്രസിഡന്റും മസ്‌കും ചൂടേറിയ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
2023 അവസാനത്തോടെ ആരംഭിച്ച ഗ്രോക്ക്, അടുത്തിടെയാണ് ഹിറ്റ്ലറെ പ്രശംസിച്ചും ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചും ഗ്രോക്ക് വിവാദത്തില്‍ കുടുങ്ങിയത്. ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു ഗ്രോക്ക് എഐ ചാറ്റ്ബോട്ടിന്റെ നിര്‍മ്മാതാക്കളായ എക്സ്എഐ. ഗ്രോക്ക് ചാറ്റ്ബോട്ടിനോടുള്ള ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ചാറ്റ്‌ബോട്ട് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും വംശീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലറെ നല്ല മനുഷ്യനായി അവതരിപ്പിച്ചുവെന്നും നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം പരാതിപ്പെട്ടതോടെ സംഭവം വൈറലായി. ഇതോടെ, ഗ്രോക്കും എക്‌സ്എഐയും കടുത്ത വിമര്‍ശനത്തിന് വിധേയമാകാന്‍ തുടങ്ങി. തുടര്‍ന്ന് കമ്പനി ക്ഷമാപണം നടത്തുകയും തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കാരണം ചാറ്റ്‌ബോട്ടിന്റെ കോര്‍ ലാംഗ്വേജ് മോഡല്‍ മൂലമല്ല, മറിച്ച് ഗ്രോക്ക് ബോട്ടിന്റെ അപ്സ്ട്രീം കോഡിലെ പഴയതും തെറ്റായതുമായ ഒരു അപ്ഡേറ്റ് മൂലമാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.