
വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നിയമനിർമ്മാണ നടപടികളെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെ ഫെഡറൽ സ്വത്തുക്കളും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ വിന്യസിച്ച ഏകദേശം 700 മറൈനുകളെ ലോസ് ഏഞ്ചൽസിൽ നിന്ന് പിൻവലിക്കുന്നതായി പെന്‍റഗൺ പ്രഖ്യാപിച്ചു. ഒരു മാസത്തോളം നീണ്ട വിന്യാസമാണ് ഇതോടെ അവസാനിക്കുന്നത്.
കുടിയേറ്റ, കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) നടത്തിയ തൊഴിലിടങ്ങളിലെ റെയ്ഡുകളുമായി ബന്ധപ്പെട്ട അശാന്തി തടയാൻ ഏകദേശം 4,000 നാഷണൽ ഗാർഡ് സൈനികർക്കൊപ്പം ജൂണിലാണ് മറൈനുകളെ അയച്ചത്. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിന്റെ എതിർപ്പുകൾ അവഗണിച്ചുകൊണ്ടായിരുന്നു ഈ നീക്കം. ആഭ്യന്തര മണ്ണിൽ സൈന്യത്തെ ഉപയോഗിച്ച ട്രംപ് ഭരണകൂടത്തിന്‍റെ ഏറ്റവും ശക്തമായ നടപടികളിൽ ഒന്നായിരുന്നു ഇത്.
ലോസ് ഏഞ്ചൽസിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതോടെ, നിയമലംഘനം സഹിക്കില്ല എന്ന വ്യക്തമായ സന്ദേശം നൽകിയ 700 മറൈനുകളെ തിരിച്ചയക്കാൻ സെക്രട്ടറി നിർദ്ദേശം നൽകിയെന്ന് പെന്‍റഗൺ വക്താവ് സീൻ പാർനെൽ പ്രസ്താവനയിൽ പറഞ്ഞു.