
വാഷിംഗ്ടൺ: തൻ്റെ വ്യാപാര നയത്തെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ശക്തമായി ന്യായീകരിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
തൻ്റെ താരിഫുകളെ എതിർക്കുന്നവരെ “വിഡ്ഢികൾ” എന്ന് വിളിച്ച അദ്ദേഹം, അമേരിക്കക്കാർക്ക് റീബേറ്റ് ചെക്കുകൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
“താരിഫുകൾക്ക് എതിരായ ആളുകൾ വിഡ്ഢികളാണ്!” ട്രംപിൻ്റെ പോസ്റ്റിൽ പറയുന്നു.
“നമ്മളിപ്പോൾ ലോകത്തിലെ ഏറ്റവും ധനികരും, ഏറ്റവും ബഹുമാന്യരുമായ രാജ്യമാണ്. പണപ്പെരുപ്പം ഇല്ലാത്ത അവസ്ഥയിലും ഓഹരി വിപണി റെക്കോർഡ് നിലവാരത്തിലുമാണ്. നമ്മൾ ട്രില്യൺ കണക്കിന് ഡോളർ വരുമാനം നേടുകയാണ്. നമ്മുടെ 37 ട്രില്യൺ ഡോളർ വരുന്ന ഭീമമായ കടം ഉടൻ തന്നെ അടച്ചു തീർക്കാൻ തുടങ്ങും. യുഎസിൽ റെക്കോർഡ് നിക്ഷേപം ഒഴുകിയെത്തുന്നു, വ്യവസായശാലകളും ഫാക്ടറികളും എല്ലായിടത്തും ഉയരുന്നു. ഒരാൾക്ക് കുറഞ്ഞത് 2000 ഡോളർ (ഉയർന്ന വരുമാനമുള്ളവരെ ഒഴികെ) ലാഭവിഹിതം നൽകും.” ട്രംപ് പറഞ്ഞു.
താരിഫുകൾ വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് 2,000 ഡോളറിൻ്റെ റീബേറ്റ് നൽകുന്നതിനെക്കുറിച്ച് ട്രംപ് മുൻപും ആലോചിച്ചിരുന്നു. ഒക്ടോബർ 1-ന് ഒ.എ.എന്നുമായുള്ള (OAN) അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്: “നമ്മൾ ഒരുപക്ഷേ 1,000 ഡോളർ മുതൽ 2,000 ഡോളർ വരെ നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു – അത് മികച്ചതായിരിക്കും” എന്നാണ്.









