
വാഷിംഗ്ടൺ: ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെ പുറത്താക്കുന്നതിനെതിരെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് തനിക്ക് സ്വകാര്യമായി ഉപദേശം നൽകിയിരുന്നുവെന്ന വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടിനെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. ഞായറാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു നീണ്ട പോസ്റ്റിലാണ് ട്രംപിന്‍റെ പ്രതികരണം.
റിപ്പോർട്ട് സത്യവിരുദ്ധമാണ് എന്ന് വിശേഷിപ്പിച്ച ട്രംപ്, പവലിനെ നീക്കം ചെയ്യുന്നതിന്‍റെ അപകടസാധ്യതകളെക്കുറിച്ച് തന്നോട് ആരും പറയേണ്ടതില്ലെന്നും വ്യക്തമാക്കി. വിപണിക്ക് എന്താണ് നല്ലതെന്നും യുഎസ്എയ്ക്ക് എന്താണ് നല്ലതെന്നും മറ്റാരേക്കാളും നന്നായി എനിക്കറിയാം എന്ന് ട്രംപ് കുറിച്ചു. ആളുകൾ എനിക്ക് വിശദീകരിച്ചു തരുകയല്ല, ഞാൻ അവർക്ക് വിശദീകരിച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വെളിപ്പെടുത്താ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് അനുസരിച്ച്, 2026 മെയ് മാസത്തിൽ പവലിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് അദ്ദേഹത്തെ പുറത്താക്കുന്നതിന്റെ നിയമപരവും രാഷ്ട്രീയപരവും വിപണിയിലുണ്ടാക്കാവുന്നതുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബെസന്‍റ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. പവലിനെ നേരത്തെ നീക്കം ചെയ്താൽ അദ്ദേഹം കേസെടുക്കാൻ സാധ്യതയുണ്ടെന്നും, ആ കോടതി കേസ് എന്തായാലും അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത് വരെ നീണ്ടുപോയേക്കാമെന്നും ബെസന്റ് ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.