
വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തിലും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയിലും അതൃപ്തി പ്രകടിപ്പിച്ച് ഉന്നത യുഎസ് ഉദ്യോഗസ്ഥന്‍. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയാണ് അനിഷ്ടം വ്യക്തമാക്കി എത്തിയത്. ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിനെ ‘ലജ്ജാകരം’ എന്നാണ് നവാരോ വിശേഷിപ്പിച്ചത്.
‘പ്രധാനമന്ത്രി മോദി ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് കാണുന്നത് ലജ്ജാകരമാണ്. അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ല. റഷ്യയ്ക്കൊപ്പമല്ല, നമ്മളോടൊപ്പമാണ് അദ്ദേഹം വേണ്ടതെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ നവാരോ പറഞ്ഞു. മോദിയുടെ ചൈന സന്ദര്‍ശനത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഈ പരാമര്‍ശങ്ങള്‍ വന്നത്.
പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കെതിരെ തീരുവ യുദ്ധം കടുപ്പിച്ചതിനു പിന്നാലെ ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യയെ നിരന്തരം വാക്കുകള്‍ക്കൊണ്ട് ആക്രമിക്കുന്നുണ്ട്. നവാരോ മുന്‍പും ഇന്ത്യയെ കടന്നാക്രമിക്കുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയെ ‘താരിഫുകളുടെ മഹാരാജാവ്’ എന്ന് അദ്ദേഹം നേരത്തെ വിളിച്ചിരുന്നു. ഇന്ത്യയുടെ താരിഫുകള്‍ ഏറ്റവും ഉയര്‍ന്നതാണെന്നും രാജ്യം അത് അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
താന്‍ അധികാരത്തിലേറിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് വീമ്പിളക്കിയ ട്രംപിന് ഇതുവരെ അതിന് ആയിട്ടില്ല. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് യുഎസ് പ്രസിഡന്റ് 50% തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്ന തീരുവ ഇരട്ടിയാക്കലിനെ ന്യായീകരിച്ചുകൊണ്ട് ട്രംപും അദ്ദേഹത്തിന്റെ നിരവധി പ്രധാന ഉദ്യോഗസ്ഥരും ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ്. ഇന്ത്യയ്ക്ക് എണ്ണ വിറ്റ് കിട്ടുന്ന പണം റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍, താരതമ്യേന വിലക്കുറവില്‍ ലഭിക്കുന്നതുകൊണ്ടും ആഗോള സാഹചര്യവും അനുസരിച്ചാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.















