
കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ‘പൊതുസ്വത്ത്’ ആയി പ്രഖ്യാപിച്ച് ഹൈക്കോടതി. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഇവ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ആർക്കും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാമെന്ന് ഹൈക്കോടതി പുതുക്കിയ ഉത്തരവിൽ വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഉപയോഗം തടയാവൂ എന്നും കോടതി നിർദേശിച്ചു. തൊടുപുഴ, തിരുവനന്തപുരം നഗരസഭകൾ അധികാരം സ്ഥാപിക്കുന്ന തരത്തിൽ പെട്രോൾ പമ്പുകളിൽ ബോർഡുകൾ സ്ഥാപിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പെട്രോൾ പമ്പുകളിലെ ശുചിമുറികളെ പൊതുജനങ്ങൾക്കുള്ള ശൗചാലയങ്ങളായി കണക്കാക്കാമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഒരു വിഭാഗം ഡീലർമാർ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി, അന്ന് പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതല്ല, യാത്രക്കാർക്ക് മാത്രമായുള്ളതാണ് പമ്പിലെ ശുചിമുറികളെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയത്. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും, സുരക്ഷാ ആശങ്കകൾ ഇല്ലെങ്കിൽ ആർക്കും ഇവ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.