കോട്ടയം: ഫൊക്കാന കേരള കൺവൻഷൻ 2025 ന് കുമരകം ഗോകുലം ഗ്രാൻഡ് ഫൈവ് സ്റ്റാർ റിസോർട്ടിലെ ഡോ. എം. അനിരുദ്ധൻ നഗറിൽ പ്രൗഢ ഗംഭീര തുടക്കം. ശിങ്കാരിമേളത്തിൻ്റെ അകമ്പടിയോടെയുള്ള ഘോഷയാത്രയോടെയാണ് കൺവൻഷന് തുടക്കമായത്. തുടർന്ന് ഡോ. എം. അനിരുദ്ധനും വി.എസ്. അച്യുതാനന്ദനും ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ലഹരിക്കെതിരെയുള്ള വിളംബരത്തോട് കൂടിയാണ് കൺവൻഷൻ ആരംഭിച്ചത്. സജിമോൻ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, റോഷി അഗസ്റ്റിൻ, എംപിമാരായ കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ രമേശ് ചെന്നിത്തല, റോജി ജോൺ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ ഗോപാലകൃഷ്ണൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, മജീഷ്യൻ സാമ്രാജ്, കെ.വി. മോഹൻകുമാർ ഐഎഎസ്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്‌ടർ ജോസ് പനച്ചിപ്പുറം, റവ. ഫാ. ഡേവിസ് ചിറമ്മൽ തുടങ്ങിയവർ പങ്കെടുത്തു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ‌്യൻ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.

ചടങ്ങിൽ ഭാരത ശ്രേഷ്ഠ പുരസ്ക്‌കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ചു. ഫൊക്കാന സ്ഥാപക പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്റെ സ്മരണ നിലനിർത്തുന്നതിനായി കൺവൻഷൻ നഗരിക്ക് ഡോ. എം. അനിരുദ്ധൻ നഗർ എന്ന് പേരിട്ടിരിക്കുന്നത്. ഡെലിഗേറ്റ്സ് റജിസ്ട്രേഷനോടുകൂടി കൺവൻഷൻ ആരംഭിച്ചത്. ഇന്ന് മുതൽ മൂന്നാം തീയതി വരെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. സാഹിത്യം, സംസ്ക്‌കാരം, ബിസിനസ് ഉൾപ്പെടെ വിവിധ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവരെ കൺവൻഷനിൽ പുരസ്കാരം നൽകി ആദരിക്കും.

നാളെ രാവിലെ 9.30 മുതൽ 11 വരെ ശബരി ഹാളിൽ സാഹിത്യ സെമിനാറും 11 മുതൽ 12.30 വരെ ബിസിനസ് സെമിനാറും ഫൊക്കാനയും കേരള യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷയ്ക്കൊരു ഡോളർ സെഗ്മെന്റും (1 മുതൽ 2 വരെ), വിമൻസ് ഫോറം സെമിനാറും സ്കോളർഷിപ്പ് വിതരണവും (2 മുതൽ 3.30 വരെ), 3.30 മുതൽ 4.45 വരെ മീഡിയ സെമിനാറും നടക്കും. 5.30 മുതൽ 7.30 വരെ വാലെഡിക്ടോറിയൻ സെറിമണിയും 7.30 മുതൽ സാംസ്കാരിക പരിപാടികളും അരങ്ങേറും. രാവിലെ മുതൽ കേരളത്തിലെ മികച്ച കാർട്ടൂണിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചറിങ് ഉണ്ടായിരിക്കും.

മൂന്ന് ദിവസങ്ങളിലുമുള്ള സാംസ്‌കാരിക പരിപാടികൾക്ക് ചലചിത്ര നടിയും നർത്തകിയുമായ സരയൂ മോഹനാണ് നേതൃത്വം നൽകുന്നത്. ഡാൻസറും അവതാരികയും കൂടിയായ അമല റോസ് കുര്യന്റെ നേതൃത്വത്തിലുള്ള ഡാൻസുകൾ, ഗായകരായ ജോബി, അഭിജിത് കൊല്ലം, ബേബി മിയ തുടങ്ങിയവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.

സമാപന ദിവസമായ ഓഗസ്‌റ്റ് മൂന്നിന് കുമരകത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്ന ഹൗസ്ബോട്ട് റൈഡ് ആണ് ക്രമീകരിച്ചിരിക്കുന്നത്. 400ൽ അധികം പേർക്ക് ഒരേസമയം സഞ്ചരിക്കാനും ഭക്ഷണപാനീയങ്ങൾ കഴിക്കാനുമുള്ള സൗകര്യവും ബോട്ടിനുണ്ട്. ബോട്ടിൻ്റെ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം വിലയിരുത്തിയെന്നും അതെല്ലാം കുറ്റമറ്റതാണെന്ന് ബോധ്യപ്പെട്ടതായും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു. പ്രമുഖ മിമിക്രി കലാകാരനും ഗായകനുമായ രാജേഷ് അടിമാലിയുടെ കലാ പ്രകടനം ബോട്ട് യാത്രയെ കൂടുതൽ ആസ്വാദകരമാക്കും.
പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിൻ്റ് സെക്രട്ടറി മനോജ് ഇടമന, ജോയിൻ്റ് ട്രഷറർ ജോൺ കല്ലോലിക്കൽ, അഡീഷനൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡീഷനൽ ജോയിൻ്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപഴ്സൺ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, കേരള കൺവൻഷൻ ചെയർമാൻ ജോയി ഇട്ടൻ, കേരള കൺവൻഷൻ കോ-ഓർഡിനേറ്റർ ഡോ. ലൂക്കോസ് മണ്ണയോട്ട്, സ്ഥാപക നേതാവ് തോമസ് തോമസ്, മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് കൺവൻഷന് നേതൃത്വം നൽകുന്നത്.















