
കേരളത്തിൻ്റെ പൊതുജന ആരോഗ്യമേഖല ലോകോത്തരമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതു നേതാക്കളും പെരുമ്പറ കൊട്ടുമ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തംചികിൽസയ്ക്കായി അമേരിക്കക്ക് പറക്കുന്നു. 10 ദിവസം നീളുന്ന തുടര്‍ ചികിത്സയ്ക്കായാണ് യാത്ര.
സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും കത്തുന്നതിനെയും പൊതുജനാരോഗ്യ രംഗത്തെ അപര്യാപ്തതകൾ വലിയ തോതില്‍ ചര്‍ച്ചയാകുന്ന ഘട്ടത്തിലുമാണ് വിദേശയാത്ര.
സത്യം വിളിച്ചു പറഞ്ഞ ഒരു ഡോക്ടർക്ക് എതിരെ വാളോങ്ങുകയും കടന്നൽ കൂട് ഇളകിയപോലെ സോഷ്യൽ മീഡിയയിൽ പാർട്ടി അനുഭാവികൾ ഡോ. ഹാരിസിനെതിരെ ഇരമ്പി ആർത്തു വരികയും ചെയ്തിട്ട് രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു.
ആരോഗ്യ രംഗത്ത് ലോകോത്തര നിലവാരം പുലർത്തുന്ന കേരളത്തിലെ മുഖ്യമന്ത്രി സ്വന്തം കാര്യം വരുമ്പോൾ എന്തിനാണ് വലതുപക്ഷക്കാരായ വെള്ളക്കാരും ബൂർഷ്വാസികളും വാഴുന്ന അമേരിക്കക്ക് പറക്കുന്നത് എന്ന് ജനം ചോദിച്ചാൽ ക്ഷോഭിച്ചിട്ടൊന്നും കാര്യമില്ല.
ഡോ. ഹാരിസിൻ്റെ തുറന്നു പറച്ചിൽ കേരളത്തിലെ സാധാരണക്കാരായ രോഗികളോട് നീതി പുലർത്താൻ കഴിയാതെ പോയ ഒരു ഡോക്ടറുടെ നിവൃത്തികേടായിരുന്നു. ചട്ടങ്ങളുടേയും നിയമങ്ങളുടേയും നിരാദ്രതയും രാഷ്ട്രീയ അൽപത്തരവും കൊണ്ട് കേരളം ഭരിക്കുന്ന ഇടതുപക്ഷം ആ ഡോക്ടറെ നേരിട്ടുകൊണ്ടിരിക്കെയാണ് ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണ് ഒരു വീട്ടമ്മ കൊല്ലപ്പെട്ടത്. അതിനും കുറ്റം, ആരോഗ്യ മേഖലക്കോ അതിൻ്റെ തലപ്പത്തിരിക്കുന്നവർക്കോ അല്ല, 9 വർഷം മുമ്പ് ഭരിച്ച യുഡിഎഫിനാണ് – അങ്ങനെയാണ് മന്ത്രി വീണയുടെ വിശദീകരണം.
കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് തകരാർ ഉണ്ട്, അത് തിരുത്താനുള്ള വിവേകം കാണിക്കുന്നതിനു പകരം, ആരുടെയെങ്കിലും നേർക്ക് വിരൽ ചൂണ്ടി തടിതപ്പാനാണ്ശ്രമമെങ്കിൽ പൊതു ജനത്തിന് അത് മനസ്സിലാകുമെന്ന് ഈ നാട്ടിലെ നേതൃത്വവും അതിനു കുടപിടിക്കുന്ന ദാസീദാസന്മാരും ഓർക്കണം.
അതിനിടെ, കെട്ടിടം തകർന്നു വീണു മരിച്ച ബിന്ദുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമുയരുകയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിലേക്കും തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുമടക്കം വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. മന്ത്രി വീണയെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടി പ്രവർത്തകരും നേതാക്കളും ചേരിതിരിഞ്ഞ് പ്രസ്താവനകളുമായി കളം പിടിച്ചിരിക്കുകയാണ്. ഇപ്പോഴും വെൻ്റിലേറ്ററിൽ കിടക്കുന്ന കേരളത്തിലെ മെഡിക്കൽ കോളജുകളും ആരോഗ്യ സംവിധാനങ്ങളും സാധാരണക്കാരൻ്റെ ജീവിതവും ആർക്കും വലുതല്ല.
നേരത്തെയും മുഖ്യമന്ത്രി അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അതിന്റെ തുടര്‍ ചികിത്സക്കായാണ് ഇപ്പോഴത്തെ യാത്ര. യാത്രയുടെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പ് 2018 സെപ്റ്റംബറിലും 2022 ജനുവരിയിലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. അന്ന് ഭാര്യ കമല, സഹായി സുനീഷ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാര്‍ ചെലവില്‍ പോയത്.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ ഒട്ടുമിക്ക മന്ത്രിമാരും അവരുടെ ഭാര്യമാരും മക്കളുമൊക്കെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ചികിത്സ നേടിയ ഇനത്തില്‍ ലക്ഷങ്ങളാണ് ഖജനാവില്‍ നിന്ന് നേടിയത്. ഇത്ര മഹത്തായ പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ എന്തിന് സ്വകാര്യ ആശുപത്രിയിലും വിദേശത്തും ചികിത്സ തേടിയെന്ന ചോദ്യത്തിന് മറുപടി പറയാതെ ഇവരെങ്ങനെ ഈ നാട്ടിലെ ജനങ്ങളെ നേരിടും?
2024 ഫെബ്രുവരി മാസത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സക്ക് 2.69 ലക്ഷം അനുവദിച്ചിരുന്നു. ഈ ഉത്തരവില്‍ ഏത് ആശുപത്രിയിലെ ചികിത്സ എന്ന് പോലും ഉണ്ടായില്ല. 24.7.2023 മുതല്‍ 2. 8-2023 വരെയാണ് കമല ചികിത്സ തേടിയത്. ഒമ്പത് ദിവസത്തെ ചികിത്സ കമല തേടിയപ്പോള്‍ ഖജനാവില്‍ നിന്ന് ഒഴുകിയത് ലക്ഷങ്ങളായിരുന്നു. തിരുവനന്തപുരത്ത് പേരുകേട്ട സര്‍ക്കാര്‍ ആശുപത്രികള്‍ ധാരാളമുണ്ടെങ്കിലും മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും ചികിൽസ തേടുന്നത് കൊച്ചിയിലേയും തിരുവനന്തപുരത്തേയും സ്വകാര്യ ആശുപത്രികളിലാണ് എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.