
വാഷിംഗ്ടൺ: 2021 ജനുവരി 6-ലെ യുഎസ് കാപിറ്റോൾ ആക്രമണത്തിന്റെ തലേന്ന് വാഷിംഗ്ടൺ ഡിസിയിൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടി ആസ്ഥാനങ്ങൾക്ക് സമീപം പൈപ്പ് ബോംബുകൾ സ്ഥാപിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ പ്രധാന മൊഴികൾ വെളിപ്പെടുത്തി. 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ് കവർന്നെടുക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടി “ആരെങ്കിലും സംസാരിക്കേണ്ട സമയമായി” എന്ന് താൻ കരുതിയതായി പ്രതി ബ്രയാൻ ജെ. കോൾ ജൂനിയർ അന്വേഷകരോട് പറഞ്ഞു.
രാജ്യത്തെ രാഷ്ട്രീയ പാർട്ടികളാണ് ഉത്തരവാദികളെന്നും അവരെ ലക്ഷ്യമിട്ടതാണെന്നും കോൾ വെളിപ്പെടുത്തി. ഡിസംബർ ആദ്യം വിർജീനിയയിലെ വുഡ്ബ്രിഡ്ജിൽ നിന്നാണ് 30-കാരനായ കോളിനെ എഫ്ബിഐ അറസ്റ്റ് ചെയ്തത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ബോംബുകൾ സ്ഥാപിച്ചത് സമ്മതിച്ചു.
തിരഞ്ഞെടുപ്പ് ഫലം മോഷ്ടിക്കപ്പെട്ടുവെന്ന ഡോണാൾഡ് ട്രംപിന്റെയും അനുയായികളുടെയും വാദങ്ങളോട് താൻ യോജിച്ചിരുന്നുവെന്നും അതിലുള്ള അസംതൃപ്തിയാണ് പ്രവൃത്തിക്ക് പ്രേരണയായതെന്നും കോൾ പറഞ്ഞു. ഏകദേശം അഞ്ച് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ഈ കേസിൽ അറസ്റ്റ് നടന്നത്.
പ്രതിയുടെ വീട്ടിൽ നിന്ന് ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുത്തു. ജനുവരി 6-ന് ഉച്ചകഴിഞ്ഞാണ് ബോംബുകൾ കണ്ടെത്തിയത്. ഭാഗ്യവശാൽ അവ പൊട്ടിത്തെറിച്ചില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.














