തൊടുപുഴ: കേരള കോൺഗ്രസ് (എം)നെ യുഡിഎഫിലേക്ക് ക്ഷണിച്ച കോൺഗ്രസ് നേതാക്കളുടെ നീക്കത്തെ ഗൗരവകരമല്ലെന്ന് വിശേഷിപ്പിച്ച് കേരള കോൺഗ്രസ് (ജോസഫ്) ചെയർമാൻ പിജെ ജോസഫ്. യുഡിഎഫിന് അവരെ ആവശ്യമില്ലെന്നും കേരള കോൺഗ്രസ് എം ഇല്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച മുന്നേറ്റം തുടരാൻ അവരുടെ സഹായം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ എൽഡിഎഫിൽ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലാണവരെന്നും സ്വർണപ്പാളി കവർച്ച പോലുള്ള വിഷയങ്ങളിൽ മൂകസാക്ഷികളായി നിൽക്കുന്നുവെന്നും ഇടതുമുന്നണിയിൽ പ്രതികരിക്കാൻ പോലും അവകാശം ലഭിക്കാത്ത സ്ഥിതിയാണെന്നും ജോസഫ് രൂക്ഷ വിമർശനം ഉന്നയിച്ചു.
അതേസമയം, യുഡിഎഫിലെ ഐക്യം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിനുള്ളിലെ ഐക്യത്തിന് എന്തെങ്കിലും കുറവുണ്ടെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിക്കുമെന്ന ആത്മവിശ്വാസവും പിജെ ജോസഫ് പ്രകടിപ്പിച്ചു. കേരള കോൺഗ്രസ് (എം)ന്റെ മുന്നണി മാറ്റ ചർച്ചകൾക്കിടയിലാണ് ജോസഫ് വിഭാഗത്തിന്റെ ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.










