
അരിസോണയിൽ താമസിക്കുന്ന ഒരാൾ പ്ലേഗ് ബാധിച്ച് മരിച്ചു. യുഎസ്ആരോഗ്യ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. 2007 ന് ശേഷമുള്ള ആദ്യ പ്ലേഗ് മരണമാണിതെന്ന് കൊക്കോണിനോ കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് റിപ്പോർട്ട് ചെയ്തു.
രോഗം ബാധിച്ച് ചത്ത ഒരു മൃഗവുമായി ഇയാൾക്ക് സമ്പർക്കം ഉണ്ടായിരുന്നു. യുഎസിൽ ഓരോ വർഷവും ശരാശരി ഏഴു പേരിൽ പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പതിനാലാം നൂറ്റാണ്ടിൽ “കറുത്ത മരണം” എന്നറിയപ്പെടുന്ന പ്ലേഗ്, യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം പേരെ കൊന്നൊടുക്കി. ഇപ്പോൾ മനുഷ്യരിൽ ഇത് അപൂർവമാണ്. വന്നാൽ തന്നെ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാം.
വ്യത്യസ്ത തരം പ്ലേഗുകളുണ്ട്. ഇവയിൽ ഏറ്റവും സാധാരണമായത് ബ്യൂബോണിക് പ്ലേഗാണ്. രോഗാണുവാഹകരായ ചെള്ളിന്റെ കടിയിൽ നിന്നാണ് ഇതു പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിക് പ്ലേഗാണ് ഏറ്റവും ഗുരുതരം. ഇത് സാധാരണയായി അപൂർവവുമാണ്. എന്നാൽ അരിസോണയിലെ മരണം ന്യൂമോണിക് പ്ലേഗുമൂലമാണ്,
മനുഷ്യരിൽ ബ്യൂബോണിക് പ്ലേഗിന്റെ ലക്ഷണങ്ങൾ സാധാരണയായി ചെള്ളിൻ്റെ കടി കിട്ടി കഴിഞ്ഞ് രണ്ട് മുതൽ എട്ട് ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെടുന്നു. പനി, വിറയൽ, തലവേദന, ക്ഷീണം, വീർത്ത കഴലകൾ എന്നിവ ഇതിൽ ഉൾപ്പെടാം.
plague death in Arizona