
ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിസ നിയമങ്ങൾ കർശനമാക്കിയതോടെ, ആഗോള പ്രതിഭകളെ ബ്രിട്ടനിലേക്ക് ആകർഷിക്കാൻ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഇതിന്‍റെ ഭാഗമായി യുകെയിലേക്കുള്ള വിസ ഫീസ് ഒഴിവാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ തലത്തിൽ ചർച്ച ചെയ്യുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ
അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ട്രംപ് കുടിയേറ്റ തൊഴിലാളികൾക്ക് നേരെ കർശന നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് യുഎസിലെ ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഡിജിറ്റൽ വിദഗ്ദ്ധർ എന്നിവരെ കാനഡ, ചൈന തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്ക് മാറാൻ പ്രേരിപ്പിച്ചു. ട്രംപിന്‍റെ ഈ നീക്കം അദ്ദേഹത്തിന്‍റെ തന്നെ ‘സെൽഫ് ഗോൾ’ ആണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
വൻ തുക വിസ ഫീസായി ചുമത്തി ട്രംപ്
സെപ്റ്റംബർ 19-ന് ട്രംപ് എച്ച്-1ബി വിസയുടെ വാർഷിക ഫീസ് 100,000 ഡോളറായി (ഏകദേശം 88 ലക്ഷം രൂപ) ഉയർത്തിക്കൊണ്ട് ഉത്തരവിട്ടു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കും. ഈ മാസം 21 മുതൽ പുതിയ ഫീസ് നിരക്ക് പ്രാബല്യത്തിൽ വരും.
സ്റ്റാർമറിന്റെ നയം, മുന്നേറ്റം
ഈ സാഹചര്യം മുതലെടുക്കാൻ ചൈന അടക്കമുള്ള രാജ്യങ്ങൾ ശ്രമിക്കുന്നതിന് പിന്നാലെയാണ് യുകെയും സമാനമായ നീക്കങ്ങളുമായി രംഗത്തെത്തുന്നത്. സ്റ്റാർമറിന്റെ ബിസിനസ് ഉപദേഷ്ടാവായ വരുൺ ചന്ദ്രയും ശാസ്ത്ര മന്ത്രി ലോർഡ് പാട്രിക് വാലൻസും നയിക്കുന്ന ‘ഗ്ലോബൽ ടാലന്റ് ടാസ്‌ക് ഫോഴ്സ്’ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ലോകോത്തര പ്രതിഭകളെ യുകെയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി നിർദ്ദേശങ്ങൾ ഈ ടാസ്ക് ഫോഴ്സ് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.