ഒരിക്കൽ പാതിവഴിയിൽ മുടങ്ങി, യുഎസിൽ നിന്ന് പി-81 സമുദ്ര പട്രോളിംഗ് വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ വീണ്ടും തയാറെടുക്കുന്നു; റിപ്പോർട്ട്

ഡൽഹി: അമേരിക്കയിൽ നിന്ന് ഇന്ത്യ ആറ് നൂതന പി-81 സമുദ്ര പട്രോളിംഗ് വിമാനങ്ങൾ വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. നാവിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയുടെ ഈ സുപ്രധാന നീക്കമെന്നാണ് സൂചനകൾ പുറത്ത് വന്നിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുമ്പോഴാണ് ഈ വാർത്തകൾ പുറത്ത് വരുന്നത്. ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ ശേഷി കൂടുതൽ വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യം സേന നൽകുന്നുണ്ട്.

മൂന്ന് വർഷം മുൻപ് പി-81 സമുദ്ര പട്രോളിംഗ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ നിർത്തിവെച്ചിരുന്നു. ഇത് പുനരുജ്ജീവിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. വിമാനങ്ങൾക്ക് ന്യായമായ വില നിശ്ചയിക്കാൻ അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ നാവികസേനയ്ക്ക് നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവർത്തിക്കുന്ന 12 പി 81 വിമാനങ്ങളുണ്ട്. മൾട്ടിപ്പിൾ-മോഡ് റഡാറുകളും നൂതന ഇലക്ട്രോ-ഒപ്റ്റിക് സെൻസറുകളും വിമാനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. ശത്രു അന്തർവാഹിനികളെയും യുദ്ധക്കപ്പലുകളെയും വേട്ടയാടി നശിപ്പിക്കുന്നതിനാണ് ഇത് ഉപയോ​ഗപ്പെടുത്തുന്നത്.

2021 മെയ് മാസത്തിൽ, 2.4 ബില്യൺ ഡോളർ വിലമതിക്കുന്ന ആറ് പി-81 വിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കാൻ ഉദ്ദേശിക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കോൺഗ്രസിനെ അറിയിച്ചു. എന്നാൽ ഈ കരാർ പിന്നീട് മുന്നോട്ട് പോയില്ല. ചൈനീസ് നാവിക പ്രവർത്തനങ്ങൾ മേഖലയിൽ വർധിക്കുന്ന സാഹചര്യത്തിൽ ഭീഷണികൾ നേരിടുന്നതിന് വേണ്ടിയാണ് പി-81 സമുദ്ര പട്രോളിംഗ് വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നതെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

More Stories from this section

family-dental
witywide