
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിന് ഇന്ന് തുടക്കം. ഫ്രാൻസും അമേരിക്കയുമടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ച ശേഷമാകും പ്രധാനമന്ത്രി രാജ്യത്തേക്ക് മടങ്ങിയെത്തുക. ഫ്രാൻസിൽ ഇന്ന് വൈകിട്ടെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ നടക്കുന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേർന്ന് നിർവ്വഹിക്കും. ബുധനാഴ്ച ഫ്രാൻസിൽ നിന്ന് അമേരിക്കയിൽ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ട്രംപ് അധികാരമേറ്റതിന് എത്തിയതിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം ഇന്ത്യ – അമേരിക്ക തന്ത്രപ്രധാന ബന്ധത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമമാക്കി. ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരെ വിലങ്ങും ചങ്ങലയും ഇട്ട് അമേരിക്കൻ സൈനിക വിമാനത്തിൽ തിരിച്ചയച്ചത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. കൂടുതൽ ഇന്ത്യക്കാരെ നാടുകടത്താൻ അമേരിക്ക തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം മോദി – ട്രംപ് ചർച്ചയിൽ ഉയർന്നു വരുമെന്നാണ് വ്യക്തമാകുന്നത്.