
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ ഫോണിൽ വിശദമായ സംഭാഷണം നടന്നു. വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ, ഊർജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്തുകയും വെല്ലുവിളികൾ പരിഹരിക്കുകയും പൊതു താൽപ്പര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യാൻ ഒന്നിച്ച് പ്രവർത്തിക്കാനും തീരുമാനമായി.
റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് 25% പിഴയും അധികമായി 25% തീരുവയും ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ-യുഎസ് ബന്ധത്തിൽ ചെറിയ വിള്ളൽ അനുഭവപ്പെട്ടിരുന്നു. ഈ നികുതികൾ അന്യായമാണെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിച്ച് ദിവസങ്ങൾക്കകം തന്നെ മോദി-ട്രംപ് സംഭാഷണം നടന്നുവെന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ വിദേശനയം തന്നെ യുഎസിന്റെ പ്രധാന സഖ്യകക്ഷിയായ ഇന്ത്യയെ റഷ്യയോട് കൂടുതൽ അടുപ്പിക്കുന്നുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
“പ്രസിഡന്റ് ട്രംപുമായി ഊഷ്മളമായ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്തുകയും പ്രാദേശിക-അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യയും യുഎസും ഒന്നിച്ച് പ്രവർത്തിക്കും” – പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. എന്നാൽ പോസ്റ്റിൽ വ്യാപാര കരാറിനെക്കുറിച്ച് പ്രത്യേക പരാമർശമില്ല.
അതിനിടെ, ഉഭയകക്ഷി വ്യാപാര കരാറിനെച്ചൊല്ലി യുഎസ് സംഘം ഡൽഹിയിൽ ചർച്ചകൾ തുടരുകയാണ്. ചർച്ചകൾ വളരെ ക്രിയാത്മകമായി മുന്നോട്ടുപോകുന്നുവെന്ന് വ്യാഴാഴ്ച പിയൂഷ് ഗോയൽ വ്യക്തമാക്കി. “രണ്ട് രാജ്യങ്ങൾക്കും പ്രയോജനപ്രദമാകുന്ന കരാർ മാത്രമേ ഉണ്ടാകൂ. സമയപരിമിതി നിശ്ചയിച്ച് ഞങ്ങൾ ഒരിക്കലും ചർച്ച നടത്താറില്ല, കാരണം അത് തെറ്റുകൾക്ക് കാരണമാകും” – അദ്ദേഹം കൂട്ടിച്ചേർത്തു.










