തീരുവയിൽ ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി; രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല, കര്‍ഷകരുടെ താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന, എന്തും നേരിടാൻ തയ്യാർ

ന്യൂഡൽഹി: രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും താരിഫ് വിഷയത്തിൽ എന്തും നേരിടാൻ തയ്യാറെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന എംഎസ് സ്വാമിനാഥന്‍ ശദാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപിൻ്റെ ഇരട്ടി തീരുവ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകിയത്.

ഇന്ത്യ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. കര്‍ഷകര്‍, മത്സ്യതൊഴിലാളികള്‍ എന്നിവരുടെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വരുമെന്ന് അറിയാം. പക്ഷേ, ഞാന്‍ തയാറാണ്. രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും വേണ്ടി ഇന്ത്യയും തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ട്രംപിന്റെ താരിഫുകളുടെ ആഘാതം വഹിക്കാന്‍ പോകുന്ന മേഖലകളില്‍ ഒന്നാണ് കാര്‍ഷിക മേഖല. യുഎസിലേക്ക് നിരവധി കാര്‍ഷിക ഉത്പ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇന്നലെയാണ് ട്രംപ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വീണ്ടും 25 ശതമാനം തീരുവ ചുമത്തുന്നതായി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. നേരത്തെ ചുമത്തിയ 25 ശതമാനം തീരുവയ്ക്കു പുറമെ ആണിത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള ആകെ തീരുവ 50 ശതമാനം ആയി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്.

അതേസമയം, റഷ്യയുടെ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതല്‍ 50 ശതമാനം വരെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide