
കൊല്ലം: കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്ര മുറ്റത്ത് ഓപ്പറേഷൻ സിന്ദൂർ എന്നെഴുതി പൂക്കളമിട്ടതിൽ തർക്കവും പരാതിയും ഉയർന്നതോടെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആർഎസ്എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാർട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്. സംഭവത്തിൽ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പൊലീസ് എഫ് ഐ ആർ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നു രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഇത് കേരളമാണ്, ഇന്ത്യയുടെ ഭാഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊരിക്കലും അംഗീകരിക്കാനാകില്ല. ദേശസ്നേഹികളായ എല്ലാ ഭാരതീയരുടെയും അഭിമാനമാണ് ഓപ്പറേഷൻ സിന്ദൂർ. നമ്മുടെ സായുധസേനകളുടെ കരുത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും പ്രതീകമാണത്. തീവ്രവാദികൾ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് പകരം വീട്ടിയ ധീരമായ സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്നോർക്കണം. തീവ്രവാദത്തിൻ്റെ ഇരകളായ ആ 26 ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വന്തം രക്തം കൊടുത്തും രാജ്യത്തെ കാത്ത് രക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതാണ് കേരള പൊലീസിൻ്റെ ഈ എഫ് ഐ ആറെന്നും ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.