11-ാം നിലയിലെത്തിയത് എമർജൻസി സ്റ്റെയർ കെയിസ് വഴി, പ്രതിയെ തിരിച്ചറിഞ്ഞു, ലക്ഷ്യം മോഷണമെന്നും സ്ഥിരീകരണം; പിടികൂടാൻ പത്ത് സംഘം

മുംബൈ: ബോളിവുഡ‍് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. എന്നാൽ ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അക്രമിയുടെ ലക്ഷ്യം മോഷണം ആയിരുന്നെന്നും സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി. എമർജൻസി സ്റ്റെയർ കെയിസ് വഴിയാണ് ഇയാൾ 11 -ാം നിലയിലേക്ക് കയറിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാൻ പത്ത് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

അതേസമയം അക്രമിക്ക് വീട്ടുജോലിക്കാരില്‍ ഒരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിൽ സ്ഥിരീകരണമൊന്നും പൊലീസ് നടത്തിയിട്ടില്ല. അക്രമിയെ നടന്റെ വീട്ടിലേക്ക് കയറാന്‍ അനുവദിച്ചത് വീട്ടില്‍ നിന്നുള്ള സഹായത്തില്‍ നിന്നാണെന്ന സംശയമാണ് ആദ്യ ഘട്ടം മുതലേ ഉയർന്നത്. വീടിനകത്ത് നിന്നാരെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടാകാം മോഷ്ടാവ് ഉള്ളില്‍ കയറിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ജോലിക്കാരിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെയുള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മൂന്നു ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

നടനെ അക്രമി ആറ് തവണ കുത്തിയിട്ടുണ്ട്. അതില്‍ ഒന്ന് നട്ടെല്ലിന് സമീപമാണ്, ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അദ്ദേഹം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. നടനും അതിക്രമിച്ചു കയറിയയാളും തമ്മില്‍ വീട്ടിനുള്ളില്‍വെച്ച് സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് നടന് കുത്തേറ്റതെന്നാണ് വിവരം.