കൊച്ചി: യുവ സംവിധായകരായ ഖാലിദ് റഹ്മാനും അഷറഫ് ഹംസയും അറസ്റ്റിലായ ലഹരിക്കേസിൽ പൊലീസിന്‍റെ നിർണായക നീക്കം. കേസിൽ ഫ്ലാറ്റുടമ കൂടിയായ സംവിധായകൻ സമീർ താഹിറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എൻ ഡി പി എസ് പ്രകാരം കേസെടുത്തത പൊലീസ് സമീർ താഹിറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി സമീര്‍ താഹിറിനെ ജാമ്യത്തില്‍ വിട്ടയച്ചത്.
എക്‌സൈസ് ആണ് സമീറിനെ ചോദ്യം ചെയ്തത്. സമീറിനെ നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അഭിഭാഷകനൊപ്പമാണ് സമീര്‍ താഹിര്‍ എക്‌സൈസ് ഓഫീസിലെത്തിയത്. കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ സമീര്‍ താഹിറിന്റെ പേരിലുള്ള ഫ്ളാറ്റില്‍ നിന്നാണ് ഞായറാഴ്ച സംവിധായകരെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംവിധായകരടക്കം മൂന്ന് പേര്‍ പിടിയിലായത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അളവില്‍ കുറവായതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് പേരെയും പിടികൂടിയത്. പിടിയിലായവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരായിരുന്നു.










