
ആഗോള കത്തോലിക്കാസഭയുടെ 267ാമത്തെ പാപ്പയായി മേയ് എട്ടിന് തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിന്നാലാമനെ മാർപാപ്പയായി ഔദ്യോഗികമായി വാഴിക്കുന്ന ചടങ്ങ് ഇന്നാണ് (ഞായറാഴ്ച). സ്ഥാനമേറ്റെടുത്തുകൊണ്ടുള്ള കുർബാന വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒന്നര) ആരംഭിക്കും. മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിലെ ഏറ്റവും ധന്യമായ മൂഹൂർത്തം അധികാരചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും പാലിയവും അണിയിക്കലാണ്
തുടക്കം സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ
ചടങ്ങുകൾ അഗംഭിക്കുന്നത് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിലാണ്. ബസിലിക്കയുടെ അടിയിലുള്ള വിശുദ്ധപത്രോസിന്റെ കബറിടം, പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം മാർപാപ്പ സന്ദർശിക്കും. അവിടെ പ്രാർഥന നടത്തും. റോമിലെ ബിഷപ്പും (ലിയോ പതിന്നാലാമൻ മാർപാപ്പ) ആദ്യ മാർപാപ്പയായ പത്രോസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണിത്.
തുടർന്ന് രണ്ട് ഡീക്കന്മാർ പാലിയം , മുക്കുവന്റെ മോതിരം, ബൈബിൾ എന്നിവയേന്തി സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നിൽ ഒരുക്കിയിരിക്കുന്ന അൾത്താരയിലേക്ക് പോകും. ഇവിടെയാണ് പാലിയവും മുക്കുവന്റെ മോതിരവും അണിയിക്കൽ ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ. മൂന്ന് കർദിനാൾമാർ സുവിശേഷവായനയ്ക്കുശേഷം ലിയോ പതിന്നാലാമനെ മാർപാപ്പയുടെ സ്ഥാനചിഹ്നങ്ങൾ അണിയിക്കും. മൂന്ന് ഭൂഖണ്ഡങ്ങളിൽനിന്നുള്ള ഓരോ കർദിനാൾമാരാണ് ഇത് നിർവഹിക്കുക. ആദ്യത്തെയാൾ ലിയോ പതിന്നാലാമനെ പാലിയം അണിയിക്കും. രണ്ടാമത്തെയാൾ, മാർപാപ്പയ്ക്ക് ദൈവികസഹായം തേടുന്ന പ്രാർഥന ചൊല്ലും. മൂന്നാംകർദിനാൾ മുക്കുവന്റെ മോതിരം അണിയിക്കും.
മുക്കുവന്റെ മോതിരം
മോതിരത്തിൽ വി. പത്രോസ് വഞ്ചിയിലിരുന്ന് വലവീശുന്ന ചിത്രവും, പാപ്പയുടെ പേരുമുണ്ടാകും. ക്രിസ്തു ശിഷ്യനായ വി. പത്രോസാണ് ആദ്യത്തെ മാർപാപ്പ , അദ്ദേഹം മുക്കുവനായിരുന്നു. അതുകൊണ്ടാണ് ‘മുക്കുവന്റെ മോതിരം’ എന്ന് പേര്. മാർപാപ്പ ദിവംഗതനായാലോ സ്ഥാനത്യാഗംചെയ്താലോ മോതിരം നശിപ്പിച്ചുകളയും.ഓരോ മാർപാപ്പയ്ക്കും വേണ്ടി പുതിയതുണ്ടാക്കും.
പാലിയം ( ഇടയൻ്റെ വസ്ത്രം)
പാപ്പ കഴുത്തിനുചുറ്റും അണിയുന്ന വെളുത്ത വസ്ത്രമാണ് പാലിയം. ഇത് മാർപാപ്പയുടെ അധികാരത്തെയും ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകളെ സൂചിപ്പിച്ച് അഞ്ച് കുരിശുകൾ പാലിയത്തിലുണ്ടാകും. യേശു എന്ന നല്ലയിടയനെയാണ് ഈ വസ്ത്രം ഓർമിപ്പിക്കുന്നത്. കുഞ്ഞാടുകളുടെ രോമംകൊണ്ടാണ് പാലിയം നെയ്യുന്നത്. ഓരോവർഷവും സെയ്ന്റ് ആഗ്‌നസിന്റെ തിരുനാളിൽ ട്രെ ഫൊണ്ടെയ്നിൽനിന്ന് രണ്ട് കുഞ്ഞാടുകളെ റോമിലെ സെയ്ന്റ് ആഗ്‌നസ് ബസിലിക്കയിലെത്തിക്കും. വി. പൗലോസ് രക്തസാക്ഷിത്വംവരിച്ചയിടമാണ് ട്രെ ഫൊണ്ടെയ്ൻ എന്നാണ് വിശ്വാസം. ബസിലിക്കയിൽ കുഞ്ഞാടുകളെ ആശീർവദിക്കും. അതുകഴിഞ്ഞ് മാർപാപ്പയ്ക്ക് സമ്മാനിക്കും. ട്രസ്റ്റീവെരെയിലെ സെയ്ന്റ് സിസിലിയ ബസിലിക്കയിലെ ബെനഡിക്റ്റൻ കന്യാസ്ത്രീകൾക്കാണ് ഇവയുടെ പരിപാലനച്ചുമതല. ഈസ്റ്ററിന് തൊട്ടുമുൻപ് ഇവയുടെ രോമം കത്രിക്കും. അതുപയോഗിച്ചാണ് പാലിയം തയ്യാറാക്കുക.
കോട്ട് ഓഫ് ആംസ്
അഗസ്റ്റീനിയൻസഭയുടെ പാരമ്പര്യത്തിലൂന്നിയ മുദ്രയാണ് (കോട്ട് ഓഫ് ആംസ്) ലിയോ പതിന്നാലാമൻ തിരഞ്ഞെടുത്തത്. സഭയ്ക്കുള്ളിലെ ഐക്യവും ഒരുമയുംകൂടി സൂചിപ്പിക്കുന്നു അത്. മാർപാപ്പയുടെ ആപ്തവാക്യത്തിലും അഗസ്റ്റീനിയൻ പാരമ്പര്യം പ്രതിഫലിക്കുന്നു. ‘ആ ഒന്നിൽ നാമൊന്ന്’ എന്നർഥം വരുന്ന ലാറ്റിൻ വാചകമാണത്. 127-ാം സങ്കീർത്തനത്തെക്കുറിച്ചുള്ള വി. അഗസ്റ്റിന്റെ ദർശനത്തിൽനിന്നാണ് (‘‘നാം ക്രിസ്ത്യാനികൾ ഒട്ടേറെയുണ്ടെങ്കിലും, ക്രിസ്തുവിൽ നാം ഒന്നാണ്’’) ഇത് സ്വീകരിച്ചിരിക്കുന്നത്.
Pope’s inauguration today, ceremonies in St. Peter’s Square in the Vatican