
ന്യൂഡല്‍ഹി : ഓപ്പണ്‍എഐയുടെ കടുത്ത വിമര്‍ശകനും മുന്‍ ജീവനക്കാരനുമായ ഇന്ത്യന്‍ വംശജന്‍ സുചിര്‍ ബാലാജിയുടെ മരണം ആത്മഹത്യതന്നെയെന്ന് സാന്‍ഫ്രാന്‍സിസ്‌കോ പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു പൊലീസ് സുചിറിന്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ചത്.
ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സുചിറിന്റേത് കൊലപാതകമെന്ന് തെളിയിക്കാന്‍ തക്ക തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ലെന്നും ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യ എന്ന് സ്ഥിരീകരിച്ച് സുചിര്‍ ബാലാജിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിച്ചതായി സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസും മെഡിക്കല്‍ എക്‌സാമിനര്‍മാരും വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
2024 ഡിസംബറിലായിരുന്നു 26 കാരനായ സുചിറിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത. ഓപ്പണ്‍എഐയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവരവെയാണ് സുചിര്‍ മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകന്‍ കൊല്ലപ്പെട്ടതാണെന്ന് നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിക്കുകയും മകന്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു എന്നും അവര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ആത്മഹത്യാക്കുറിപ്പ് പോലും കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കൊലപാതക സാധ്യതയില്‍ തന്നെയാണ് മാതാപിതാക്കള്‍ ഉറച്ചുനില്‍ക്കുന്നത്.











