അതിശക്തമായ ഭൂചലനത്തിന് പിന്നാലെ ആഞ്ഞടിച്ച് സുനാമി, ജപ്പാന്‍-റഷ്യ തീരങ്ങളില്‍ ജാഗ്രത, ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു; അമേരിക്കൻ തീരങ്ങളിലും ആശങ്ക

മോസ്‌കോ: റഷ്യയില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ജപ്പാന്‍, റഷ്യ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നാശനഷ്ടം എത്രത്തോളമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജപ്പാനില്‍ രണ്ടിടങ്ങളിലായി തീരത്ത് വലിയ തിരമാലകള്‍ ആഞ്ഞടിച്ചതായാണ് വിവരം. ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചതായി ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി അറിയിച്ചു. റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ തീരത്താണ് ഭൂചലനം ഉണ്ടായത്. റഷ്യയിലെ കാംചത്ക ഉപദ്വീപിലെ പെട്രോപ്ലാവ്‌ലോവ്‌സ്‌കില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റഷ്യയില്‍ വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു കിന്‍ഡര്‍ ഗാര്‍ഡന്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ഒരു കുട്ടിയെ കാണാതായതായും വിവരമുണ്ട്. അമേരിക്കയിലും സുനാമി മുന്നറിയിപ്പുണ്ട്. അലാസ്കയും ഹവായിയുമടക്കമുള്ള അമേരിക്കയിലെ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.