
വാഷിങ്ടന്‍ : പാരസെറ്റമോള്‍ വിരുദ്ധ പ്രസ്താവന ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗര്‍ഭിണികളായ സ്ത്രീകള്‍ ടൈലനോള്‍ (പാരസ്റ്റമോള്‍ ബ്രാന്‍ഡ്) ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന സമയം വൈകിപ്പിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ടൈലനോളും ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു.
ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ട്രംപ് പിന്‍വാങ്ങുന്നില്ല. അത്യാവശ്യമില്ലെങ്കില്‍ മാത്രം ടൈലനോള്‍ കഴിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ടൈലനോളിനെതിരെ ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
”ഗര്‍ഭിണികളായ സ്ത്രീകളെ, അത്യാവശ്യത്തിനല്ലാതെ ടൈലനോള്‍ ഉപയോഗിക്കരുത്. ഒരു കാരണവശാലും നിങ്ങളുടെ കുട്ടിക്ക് ടൈലനോള്‍ നല്‍കരുത്. എംഎംആര്‍ വാക്‌സിന്‍ മൂന്ന് പ്രത്യേക ഘട്ടങ്ങളിലായി എടുക്കണം. ചിക്കന്‍ പോക്‌സിനുള്ള വാക്‌സിന്‍ പ്രത്യേകം എടുക്കണം. 12 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ എടുക്കണം. പ്രധാനമായി, അഞ്ച് വാക്‌സിനുകളും പ്രത്യേകമായി എടുക്കണം” ട്രംപ് ആവശ്യപ്പെട്ടു. അഞ്ചാംപനി, മുണ്ടിനീര്‍, റുബെല്ല എന്നിവയെ പ്രതിരോധിക്കാനായി എടുക്കുന്ന വാക്‌സിനാണ് എംഎംആര്‍.
എന്നാല്‍, നവജാതശിശുക്കള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കുന്നത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നിര്‍ണായകമാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
മെഡിക്കല്‍ വിദഗ്ധരും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ( എഫ്ഡിഎ ) അദ്ദേഹത്തിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞു. വിഷയത്തില്‍ വിശദീകരണവുമായി ടൈലനോള്‍ നിര്‍മ്മാതാക്കളായ കെന്‍വ്യൂ രംഗത്തുണ്ട്.















