വീണ്ടും വീണ്ടും പറഞ്ഞ് ഉറപ്പിക്കുന്നു, പലസ്തീനികളെ ഒഴിപ്പിക്കും, ഗാസ ഞങ്ങളിങ്ങ് എടുക്കുമെന്ന് ട്രംപ്

വാഷിങ്ടന്‍: ഗാസ അമേരിക്ക തന്നെ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇക്കുറി വൈറ്റ് ഹൗസില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. പലസ്തീന്‍കാരെ സമീപരാഷ്ട്രങ്ങളിലേക്കു മാറ്റി ഞങ്ങള്‍ ഗാസ കൈവശപ്പെടുത്താന്‍ പോവുകയാണ് എന്നതാണ് ട്രംപിന്റെ അവകാശവാദം. ‘ഞങ്ങള്‍ക്ക് അത് വിലയ്ക്കുവാങ്ങേണ്ട കാര്യമില്ല. വാങ്ങാനൊന്നും അവിടെയില്ല. ഞങ്ങള്‍ ഗാസയെ സ്വന്തമാക്കും. ഞങ്ങള്‍ അതിനെ പരിപോഷിപ്പിക്കാന്‍ പോവുകയാണ്’, ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.

ഗാസയിലേക്കു തിരിച്ചെത്താന്‍ പലസ്തീന്‍കാര്‍ക്ക് അവകാശമില്ലെന്ന നിലപാട് ആവര്‍ത്തിച്ച യുഎസ് പ്രസിഡന്റ്, പലസ്തീന്‍ അഭയാര്‍ഥികളെ ഏറ്റെടുത്തില്ലെങ്കില്‍ സഖ്യകക്ഷികളായ ഈജിപ്തിനും ജോര്‍ദാനുമുള്ള സഹായം നിര്‍ത്തുമെന്നും മുന്നറിയിപ്പു നല്‍കി.

അതേസമയം, ഗാസയില്‍നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്നതിനെതിരായ ജോര്‍ദാന്റെ നിലപാട് ട്രംപിനെ ധരിപ്പിച്ചുവെന്നും അദ്ദേഹം സമാധാനത്തിന്റെ ആള്‍രൂപമാണെന്നും അബ്ദുല്ല രാജാവ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സമൂഹമാധ്യമത്തില്‍ കുറിച്ചു. എന്നാല്‍ ഇതേ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഗാസയുടെ കാര്യത്തില്‍ ട്രംപും നിലപാട് വ്യക്തമാക്കിയത്.

More Stories from this section

family-dental
witywide