
വാഷിംഗ്ടൺ: മുൻ ന്യൂജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റിക്ക് നേരെ ഭീഷണിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെലിവിഷൻ അഭിമുഖത്തിൽ തന്നെ വിമർശിച്ചതിന് പിന്നാലെ, ക്രിസ്റ്റിയുടെ ഒരു പതിറ്റാണ്ട് പഴക്കമുള്ള ‘ബ്രിഡ്ജ്ഗേറ്റ്’ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
ട്രംപിനെ വിമർശിച്ച മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ വീട്ടിലും ഓഫീസിലും എഫ്ബിഐ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. ക്രിസ്റ്റിക്കെതിരെ ഓഗസ്റ്റ് 24-ന് വൈകുന്നേരം ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപ് രൂക്ഷമായി പ്രതികരിച്ചത്. എബിസിയുടെ ‘ദിസ് വീക്ക്’ പരിപാടിയിൽ ‘സ്ലോപ്പി ക്രിസ് ക്രിസ്റ്റി’യെ കണ്ടുവെന്ന് പറഞ്ഞാണ് ട്രംപ് കുറിപ്പ് ആരംഭിച്ചത്.
“സ്ലോപ്പി ക്രിസ് പറയുന്നത് ആർക്കെങ്കിലും വിശ്വസിക്കാൻ കഴിയുമോ?” ട്രംപ് എഴുതി. “തടവിലാകുന്നത് ഒഴിവാക്കാൻ ജോർജ്ജ് വാഷിംഗ്ടൺ ബ്രിഡ്ജ് അടച്ചതിനെക്കുറിച്ച് അയാൾ കള്ളം പറഞ്ഞത് നിങ്ങൾക്ക് ഓർമ്മയുണ്ടോ? തനിക്കുവേണ്ടി ജോലി ചെയ്തവരെ, ഒരു അമ്മയെ പോലും, അയാൾ അതിലൂടെ ബലി നൽകി,” ട്രംപ് കുറ്റപ്പെടുത്തി.