
വാഷിംഗ്ടൺ: യുഎസിൽ ഭക്ഷ്യ പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാകുന്നതിനിടെ, മക്ഡൊണാൾഡ്‌സ് അടുത്തിടെ വീണ്ടും അവതരിപ്പിച്ച അഞ്ച് ഡോളറിന്‍റെയും എട്ട് ഡോളറിന്‍റെയും ‘എക്‌സ്‌ട്രാ വാല്യൂ മീൽസി’നെ പ്രശംസിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉപഭോക്താക്കൾക്കായി വില കുറഞ്ഞു തുടങ്ങുന്നതിന്‍റെ സൂചനയാണിതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. തൊഴിൽ വേതനത്തെക്കാൾ വേഗത്തിൽ പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നത്, പ്രായമായവർക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ താങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
“വളരെ പ്രചാരമുള്ള നിങ്ങളുടെ വിഭവങ്ങളുടെ വില കുറയ്ക്കുകയും എക്‌സ്‌ട്രാ വാല്യൂ മീൽസുകൾ തിരിച്ചുകൊണ്ടുവരികയും ചെയ്ത മക്ഡൊണാൾഡ്‌സിന് ഞാൻ ഒരു പ്രത്യേക നന്ദി പറയുന്നു,” വാഷിംഗ്ടൺ ഡിസിയിൽ നടന്ന മക്ഡൊണാൾഡ്‌സ് ഇംപാക്ട് ഉച്ചകോടിയിൽ ട്രംപ് പറഞ്ഞു. രാജ്യത്ത് വില കുറയ്ക്കുന്നതിൽ മക്ഡൊണാൾഡ്‌സ് വളരെ വലിയ പങ്ക് വഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
മക്ഡൊണാൾഡ്‌സിനോടുള്ള തന്‍റെ വ്യക്തിപരമായ ഇഷ്ടം പരസ്യമാക്കിയ ട്രംപ്, താൻ അവരുടെ എക്കാലത്തെയും വിശ്വസ്തരായ ഉപഭോക്താക്കളിൽ ഒരാളാണെന്ന് പറയുകയും ചെയ്തു. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ വേളയിൽ താൻ ശൃംഖലയിൽ ‘ഫ്രൈ കുക്ക്’ ആയി ജോലി ചെയ്യുന്നതിൻ്റെ ഒരു ചിത്രം എടുപ്പിച്ചത് അദ്ദേഹം തമാശയായി സൂചിപ്പിച്ചു.














