
വാഷിംഗ്ടൺ/ഒട്ടാവ: പലസ്തീൻ അനുകൂല രാഷ്ട്രീയ സന്ദേശങ്ങൾ വടക്കേ അമേരിക്കയിലെ രണ്ട് വിമാനത്താവളങ്ങളിലെ പൊതു അറിയിപ്പ് സംവിധാനത്തിലൂടെ പ്രക്ഷേപണം ചെയ്ത സംഭവത്തിൽ വലിയ വിവാദം. ഹമാസിനെ പ്രകീർത്തിക്കുകയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രിയെയും വിമർശിക്കുകയും ചെയ്യുന്നതായിരുന്നു ഈ അനധികൃത സന്ദേശങ്ങൾ. ചൊവ്വാഴ്ച നടന്ന ഈ സംഭവങ്ങൾ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുകയും ഹാക്കിംഗിനെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ കാരണമാവുകയും ചെയ്തു.
പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് ഇന്റർനാഷണൽ എയർപോർട്ട്, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള കെലൗണ ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലാണ് ഈ അനധികൃത സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്തത്. യാത്രക്കാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ഇത് വ്യക്തമാണ്.
പ്രക്ഷേപണം ചെയ്യപ്പെട്ട സന്ദേശങ്ങളിൽ ഹമാസിനെ പ്രകീർത്തിക്കുകയും, ട്രംപ് ഭരണകൂടത്തെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
വിമാനത്താവളങ്ങളിലും വ്യോമയാന മേഖലയിലും അടുത്ത കാലത്തായി വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ സുരക്ഷാ ലംഘനം. കഴിഞ്ഞ ജൂണിൽ, കുപ്രസിദ്ധമായ ഒരു സൈബർ ക്രിമിനൽ സംഘം യുഎസിലെയും കാനഡയിലെയും നിരവധി വിമാനക്കമ്പനികളുടെ കമ്പ്യൂട്ടർ ശൃംഖലകൾ തകർത്തിരുന്നു. കഴിഞ്ഞ മാസം, യൂറോപ്പിലെ വിമാനത്താവളങ്ങളിൽ പാസഞ്ചർ ചെക്ക്-ഇൻ സംവിധാനം ഹാക്കർമാർ തകരാറിലാക്കിയിരുന്നു. ഇത് വലിയ കാലതാമസത്തിനും വിമാനങ്ങൾ റദ്ദാക്കുന്നതിനും വലിയ ആശയക്കുഴപ്പത്തിനും കാരണമായിരുന്നു. പൊതു അറിയിപ്പ് സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് ഇരു വിമാനത്താവളങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.