
ഫ്ലോറിഡ: എവർഗ്ലേഡ്‌സിൽ നിർമ്മിക്കാൻ പോകുന്ന കുടിയേറ്റ തടങ്കൽപ്പാളയത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും തദ്ദേശീയ ഗോത്രവിഭാഗക്കാരും ഉൾപ്പെടെയുള്ള നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. ശനിയാഴ്ച എവർഗ്ലേഡ്‌സിലെ ഒരു എയർസ്ട്രിപ്പിന് പുറത്ത് നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിനായി ഒത്തുകൂടിയത്.
ചതുപ്പ് നിറഞ്ഞ എവർഗ്ലേഡ്‌സിനെ കീറിമുറിച്ചുകൊണ്ട് പോകുന്ന യുഎസ് ഹൈവേ 41ന്റെ (Tamiami Trail) ഇരുവശങ്ങളിലും പ്രതിഷേധക്കാർ അണിനിരന്നു. നിർമ്മാണ സാമഗ്രികളുമായി പോയ ഡംപ് ട്രക്കുകൾ എയർഫീൽഡിലേക്ക് പ്രവേശിക്കുമ്പോൾ, അതുവഴി കടന്നുപോയ വാഹനങ്ങളിലെ ഡ്രൈവർമാർ ഹോൺ അടിച്ച് പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെയും തദ്ദേശീയ ഗോത്രവർഗ്ഗക്കാരുടെയും ആവാസവ്യവസ്ഥയായ ഈ സംരക്ഷിത മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിരുന്നു.
നിർമ്മാണ സ്ഥലത്തേക്ക് ട്രക്കുകൾ നിരന്തരം വരുന്നത് കണ്ടതായി മണിക്കൂറുകളോളം പ്രതിഷേധത്തിൽ പങ്കെടുത്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ മക്ക്വോയ് പറഞ്ഞു. പാരിസ്ഥിതിക നാശമാണ് പ്രതിഷേധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു പ്രധാന കാരണം. എന്നാൽ, തന്‍റെ നഗരത്തിൽ കുടിയേറ്റ റെയ്ഡുകൾ നടക്കുമോ എന്ന ആശങ്കയും പ്രതിഷേധത്തിന് കാരണമായെന്ന് സൗത്ത് ഫ്ലോറിഡ സിറ്റി കമ്മീഷണർ കൂടിയായ അദ്ദേഹം വ്യക്തമാക്കി.













