
മുപ്പത്തിനാലുകാരന്‍ സൊഹ്‌റാന്‍ മംദാനി ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍, ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ മുസ്ലിം, ആദ്യത്തെ ഇന്ത്യന്‍ വംശജന്‍ എന്നിങ്ങനെ അദ്ദേഹത്തിനു ലഭിച്ച വിശേഷണങ്ങള്‍ പലതാണ്. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായരുടെയും പ്രഫ. മഹ്‌മൂദ് മംദാനിയുടെയും മകനായ സൊഹ്‌റാന്റെ വിജയയാത്രയില്‍ നിശബ്ദമായും ശക്തമായും പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നത് പങ്കാളി റാമ ദുവാജിയായിരുന്നു. കലാകാരി, ഡിസൈനര്‍, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ തിളങ്ങുന്ന റാമ, തന്റെ പലസ്തീന്‍ അനുകൂല നിലപാടുകളിലൂടെ ചില വിവാദങ്ങളും ഒപ്പം കൂട്ടുന്നു.
സൊഹ്‌റാന്റെ വിജയദിനത്തില്‍ പൊതുവേദിയിലെത്തിയ റാമ ധരിച്ച വസ്ത്രം പോലും ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. പലസ്തീനിയന്‍ ഡിസൈനറായ സെയ്ദ് ഹിജാസി രൂപകല്‍പന ചെയ്ത കറുത്ത വസ്ത്രമാണു റാമ ധരിച്ചത്. അതില്‍ പലസ്തീന്റെ പരമ്പരാഗത എംബ്രോയിഡറി രൂപമായ ‘തത്രീസി’ന്റെ പാറ്റേണുകള്‍ ലേസര്‍ ഉപയോഗിച്ച് കൊത്തിവച്ചിരുന്നു. ഇത് പലസ്തീന്‍ ജനതയോടുള്ള പരസ്യമായ ഐക്യദാര്‍ഢ്യമായിരുന്നു
ജനുവരിയില്‍ സൊഹ്റാന്‍ മംദാനി അധികാരമേല്‍ക്കുമ്പോള്‍ ന്യൂയോര്‍ക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഥമ വനിതയാകുന്ന 28 കാരിയായ കലാകാരിയായ റാമ ദുവാജി, തന്റെ ചിത്രങ്ങളിലൂടെ കടുത്ത രാഷ്ട്രീയ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചു.

മംദാനിയുടെ പ്രചാരണ വേളയില്‍ ദുവാജി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വളരെ കുറച്ച് മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ. എന്നിരുന്നാലും, അമേരിക്കന്‍ വിദേശനയത്തെയും ഗാസയിലെ ഇസ്രായേലിന്റെ നടപടികളെയും കുറിച്ചുള്ള ഉറച്ച നിലപാടുകള്‍ അവരുടെ ചിത്രീകരണങ്ങളും പോസ്റ്റുകളും കൃത്യമായി രേഖപ്പെടുത്തുന്നു. യാഥാസ്ഥിതികര്‍ക്കും മാഗ പ്രവര്‍ത്തകര്‍ക്കും തീരെ ഇഷ്ടമായില്ല. റാമയുടെ വരകളെയും ചിത്രങ്ങളെയും സമൂഹമാധ്യമ കുറിപ്പുകളേയും അവര്‍ വിമര്‍ശനത്തിന് പാത്രമാക്കുന്നു.
ഒക്ടോബര്‍ 12 ന് , ഇസ്രായേല്‍ ഹമാസ് അനുകൂല പ്രവര്‍ത്തകനായിരുന്ന സാലിഹ് അല്‍-ജഫരാവിയുടെ വധത്തെത്തുടര്‍ന്ന് റാമ ദുഖം പങ്കുവെച്ചിരുന്നു. സാലിഹ് അല്‍-ജഫരാവിയുടെ ചിത്രം പങ്കുവെച്ച് ഒപ്പം ‘പ്രിയപ്പെട്ട ജഫരാവി,’ എന്നുകുറിക്കുകയും ദുഖസൂചകമായ ഇമോജികള്‍ ഒപ്പം ചേര്‍ക്കുകയും ചെയ്തിരുന്നു. ഹമാസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇയാള്‍ ഭീകരനാണെന്നും ഒരു ഭീകരന്റെ മരണത്തില്‍ റാമ ദുഖിച്ചത് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.
🤬🤬🤬
— wyntre (@Wyntre999) November 8, 2025
Zohran Mamdani’s wife Rama Duwaji rages against US ‘imperialism’ and ‘Israeli war crimes’ in crude, talentless 'art work' lapped up by leftie libs.
She's far more extreme than Stalking Horse hubs Xohran Kwame.
She works with Woke White Women publications from Vanity Fair… pic.twitter.com/UAlAwiLGmr
യുഎസിനെയും ഇസ്രായേലുമായുള്ള അതിന്റെ ബന്ധത്തെയും അപലപിച്ചും റാമ തന്റെ വരയിലൂടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നുണ്ട്. ഗാസയിലെ കുട്ടികള്‍ അനുഭവിക്കുന്ന പട്ടിണി ഒരു പ്രതിസന്ധിയല്ല, മറിച്ച് ‘ബോധപൂര്‍വമായ പട്ടിണിക്കിടല്‍’ ആണെന്നു പ്രഖ്യാപിക്കുന്ന ഇവരുടെ ആനിമേഷന്‍ ലോകശ്രദ്ധ നേടിയിരുന്നു. അമേരിക്കന്‍ സ്ഥാപനങ്ങള്‍ ഇസ്രയേലി യുദ്ധക്കുറ്റങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നു എന്നു വിമര്‍ശിക്കുന്ന ആനിമേഷനുകള്‍ പ്രചാരണ വേളയില്‍ മംദിനിയും പങ്കുവെച്ചിരുന്നു.
‘ന്യൂയോര്‍ക്ക് ചാരിറ്റികള്‍ ഇസ്രായേലി യുദ്ധക്കുറ്റങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി എല്ലാ വര്‍ഷവും 60 മില്യണ്‍ ഡോളറിലധികം അയയ്ക്കുന്നു, ആ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.’ റാമയുടെ പോസ്റ്റിന് പിന്തുണയായി മംദാനി കുറിച്ചു.

റാമയുടെ കുടുംബവും ഗള്‍ഫ് ബന്ധവും
സിറിയന്‍-അമേരിക്കന്‍ മാതാപിതാക്കളുടെ മകളായാണ് റാമയുടെ ജനനം. അവരുടെ അമ്മ ഡോ. ബരിയ ദര്‍ദാരി, യുഎഇയിലുടനീളമുള്ള ആശുപത്രികളില്‍ ഡോക്ടറായിരുന്നു. ന്യൂജേഴ്സിയില്‍ ഒരു ശിശുരോഗവിദഗ്ദ്ധയായാണ് കരിയര്‍ തുടങ്ങിയത്. സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി വഴി സിറിയയിലേക്കും ഗാസയിലേക്കുമുള്ള മാനുഷിക ദൗത്യങ്ങളിലും അവര്‍ ചേര്‍ന്നിട്ടുണ്ട്. 2006-ല്‍ കുടുംബം ദുബായിലേക്ക് താമസം മാറി. അപ്പോള്‍ റാമയ്ക്ക് 9 വയസ്സായിരുന്നു.
കലയെ ജീവിതത്തിലേക്കും ചുറ്റുപാടിലേക്കും ആവാഹിച്ച റാമ
ചെറുപ്പം മുതലേ കലയോട് അതിയായ അഭിനിവേശമുണ്ടായിരുന്നു റാമയ്ക്ക്. ഖത്തറിലെ വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് ബിരുദം നേടി. തുടര്‍ന്ന്, ഉന്നത പഠനത്തിനായി ന്യൂയോര്‍ക്കിലേക്കു ചേക്കേറി. പ്രശസ്തമായ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്സില്‍ നിന്ന് ഇല്ലസ്ട്രേഷന്‍ ആസ് വിഷ്വല്‍ എസ്സേ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി.
ന്യൂയോര്‍ക്കറിലും ബിബിസിയിലും അവരുടെ കൃതികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ”എന്റെ കല എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പ്രതിഫലിപ്പിക്കുന്നു, പക്ഷേ ഇപ്പോള്‍ ഒരു കലാകാരി എന്ന നിലയിലുള്ള എന്റെ പങ്കിനെക്കാള്‍ കൂടുതല്‍ ഉപയോഗപ്രദമായി തോന്നുന്നത് ഒരു യുഎസ് പൗരന്‍ എന്ന നിലയിലുള്ള എന്റെ പങ്കാണ്. വളരെയധികം ആളുകള്‍ ഭയത്താല്‍ പുറത്താക്കപ്പെടുകയും നിശബ്ദരാക്കപ്പെടുകയും ചെയ്യുന്നതിനാല്‍, എനിക്ക് ചെയ്യാന്‍ കഴിയുന്നത് യുഎസിലും പലസ്തീനിലും സിറിയയിലും എന്താണ് സംഭവിക്കുന്നതെന്ന് കഴിയുന്നത്ര സംസാരിക്കാന്‍ എന്റെ ശബ്ദം ഉപയോഗിക്കുക എന്നതാണ്.”- ഏപ്രിലില്‍ അവര്‍ ഓണ്‍ലൈന്‍ മാസികയായ യുങ്ങിനോട് പറഞ്ഞു.

തന്റെ സിറിയന്‍ പൈതൃകം, പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം, കുടിയേറ്റം, സ്ത്രീകളുടെ കൂട്ടായ്മ, സാംസ്‌കാരിക സ്വത്വം തുടങ്ങിയ വിഷയങ്ങളാണ് റാമയുടെ കലയ്ക്ക് മിക്കപ്പോഴും പ്രമേയമാകുന്നത്. അതില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികവും. സുഡാനിലെ ആഭ്യന്തരയുദ്ധം, ന്യൂയോര്‍ക്കിലെ തുണിമില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ റാമ തന്റെ കലയിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.
Protest against Sohran Mamdani’s wife Rama Duaji.










