
വാഷിംഗ്ടൺ: ഡിപ്പാർട്ട്മെന്‍റ് ഓഫ് എജുക്കേഷൻ അടച്ചുപൂട്ടാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചതിന് പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തം. ട്രംപിന്‍റെ നീക്കം വിനാശകരമെന്നാണ് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ പ്രതികരിച്ചത്. യുഎസിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുന്നതാണ് ഈ വിഷയം.
കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം കിട്ടുന്നതിന് തടസ്സമാകുമെന്നും ഷൂമര്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 21, അമേരിക്കന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് കരിദിനമാണെന്ന് പൗരാവകാശസംഘടനയായ എന്‍എഎസിപി പറഞ്ഞു. വ്യാഴാഴ്ചയാണ് വിദ്യാഭ്യാസവകുപ്പിന് താഴിട്ടുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. “ഞങ്ങൾ എത്രയും വേഗം അത് അടച്ചുപൂട്ടാൻ പോകുന്നു. ഇത് ഞങ്ങൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല.”- വ്യാഴാഴ്ച ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്.
വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കണമെന്ന് ട്രംപ് വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു, എന്നാൽ അത് പൂർണ്ണമായും അടച്ചുപൂട്ടുന്നതിന് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ് . ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ 53-47 ഭൂരിപക്ഷമുണ്ട്. എന്നാൽ കാബിനറ്റ് തലത്തിലുള്ള ഏജൻസിയെ നിർത്തലാക്കുന്ന ബിൽ പോലുള്ള പ്രധാന നിയമനിർമ്മാണങ്ങൾക്ക് 60 വോട്ടുകൾ ആവശ്യമാണ്. ഏഴ് ഡെമോക്രാറ്റുകൾ പിന്തുണച്ചാൽ മാത്രമേ ട്രംപിന്റെ പുതിയ നീക്കം നടപ്പിലാകുകയുള്ളൂ.
















