ലോസാഞ്ചലസിൽ പ്രതിഷേധം കത്തുന്നു, 700 യുഎസ് മറീനുകളെയും വിന്യസിച്ചു; സാൻഫ്രാൻസിസ്കോയിലും പ്രക്ഷോഭം

പ്രതിഷേധം അണയാതെ ലോസാഞ്ചലസ്. മൂന്നാം ദിനവും പ്രതിഷേധക്കാരും സേനയും ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചചെയ്യാൻ 700 യുഎസ് മറീനുകളേയും കൂടുതൽ നാഷനൽ ഗാർഡുകളേയും പ്രദേശത്തേക്ക് അയച്ചതായി ട്രംപ് അറിയിച്ചു. ഇന്നലെ അയച്ച 2000 നാഷനൽ ഗാർഡുകളെ കൂടാതെ 2000 പേരെ കൂടി പുതിയതായി അയക്കുമെന്ന് വൈറ്റ്ഹൌസ് അറിയിച്ചു.

ഫെഡറൽ ഓഫിസിനു മുമ്പിൽ നിരവധിപ്പേർ തടിച്ചുകൂടിയിട്ടുണ്ട്. നിയമവിരുദ്ധമായി കൂട്ടംകൂടരുതെന്ന പൊലീസ് നിർദേശം കാറ്റിൽ പറത്തിക്കൊണ്ട് നിരവധി പേരാണ് ഇപ്പോളും പ്രതിഷേധ മാർച്ചുകളും റാലികളും സംഘടിപ്പിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ട്രംപ് ഭരണകൂടം നാഷനൽ ഗാർഡുകളെ അയച്ചിരുന്നു. ട്രംപിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം കോടതിൽ കേസ് ഫയൽ ചെയ്തു. പലയിടത്തും പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ പാരമൗണ്ട് ഉള്‍പ്പെടെയുള്ള സംഘര്‍ഷബാധിത മേഖലകളില്‍ കൂട്ടംചേരല്‍ നിരോധിച്ചു. ഡൗണ്‍ടൗണിലെ പ്രധാന ‘101 ഫ്രീവേ’, പ്രക്ഷോഭകര്‍ ഉപരോധിച്ചു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് കീഴിലെ വെയ്മോ കമ്പനിയുടെ ഒട്ടേറെ ഡ്രൈവറില്ലാ കാറുകള്‍ ഞായറാഴ്ച രാത്രി പ്രതിഷേധക്കാര്‍ കത്തിച്ചു. പോലീസിനുനേരേ കല്ലും റബ്ബര്‍ ബുള്ളറ്റും പുകബോംബും എറിഞ്ഞു. റബ്ബര്‍ ബുള്ളറ്റ് ഏറ്റ് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു. ചാനല്‍ നയന്റെ റിപ്പോര്‍ട്ടര്‍ ലോറന്‍ ടൊമാസിക്കാണ് പരിക്കുപറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളിലായി 39 പേരെ അറസ്റ്റുചെയ്തു. ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍, ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പ്രക്ഷോഭം നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സിറ്റി പോലീസ് മേധാവി ജിം മക്ഡൊണെല്‍ പറഞ്ഞു.

ലോസ് ഏഞ്ചൽസ് പ്രദേശത്ത് ട്രംപ് 700 മറൈൻ സൈനികരെ വിന്യസിച്ചത് ട്രംപിൻ്റെ “ഭ്രാന്തമായ ഫാന്റസി” ആണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആരോപിച്ചു. മരീനുകൾ അമേരിക്കൻ മണ്ണിലെ ഹീറോകളാണ്. അവരെ സ്വന്തം മണ്ണിലെ ജനങ്ങൾക്കു നേരെ തിരിച്ചുവിടുന്ന നയം സ്വേച്ഛാധിപതിയായ പ്രസിഡന്റിന്റെ വികലമായ ഫാന്റസിയാണ് എന്ന് ന്യൂസോം തുറന്നടിച്ചു.

ലോസ് ഏഞ്ചൽസ് പ്രദേശത്തേക്ക് 700 മറൈൻ സൈനികരെ വിന്യസിക്കുകയാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എക്‌സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു.

“ഗാവിൻ ന്യൂസം സമ്മതിച്ചില്ലെങ്കിലും ഫെഡറൽ നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്. എൽഎയുടെ തെക്ക് ഭാഗത്തുള്ള മറൈൻ കോർപ്സ് ബേസ് ക്യാമ്പ് പെൻഡിൽട്ടണിൽ നിന്നാണ് സൈനികരെ വിന്യസിക്കുന്നത് – ഹെഗ്‌സെത്ത് പറഞ്ഞു.

ഗ്രേറ്റർ ലോസ് ഏഞ്ചൽസ് ഏരിയയിൽ ഫെഡറൽ ഉദ്യോഗസ്ഥരെയും ഫെഡറൽ സ്വത്തുക്കളേയും സംരക്ഷിക്കുന്നതിന് നാഷനൽ ഗാർഡുകളും മറൈനുകളും സംയോജിതമായി സേവനം ചെയ്യേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

2,100 നാഷണൽ ഗാർഡ് സൈനികരും 700 മറൈൻമാരും ഉൾപ്പെടുന്ന ടാസ്‌ക് ഫോഴ്‌സ് 51 – പ്രദേശത്ത് വിന്യസിച്ചു കഴിഞ്ഞു.

അതിനിടെ കാലിഫോർണിയയിലെ മറ്റൊരു നഗരമായ സാൻ ഫ്രാൻസിസ്കോയിലും പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടു. 148 പേർ അറസ്റ്റിലായിട്ടുണ്ട്. പിരിഞ്ഞുപോകാൻ വിസമ്മതിച്ച ഗ്രൂപ്പുകളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റിലായ ഒട്ടേറെ പേർ സാൻഫ്രാൻസിസ്കോയ്ക്ക് പുറത്തുള്ളവരാണ് എന്ന് അധികൃതർ പറയുന്നു.

Protests flare up in Los Angeles 700 US Marines deployed

More Stories from this section

family-dental
witywide